വാര്‍ണര്‍ ഇനി ടെസ്റ്റ് കളിക്കില്ല...! ശക്തമായ സൂചന നല്‍കി ഓസ്‌ട്രേലിയ

രേണുക വേണു| Last Modified ചൊവ്വ, 11 ജൂലൈ 2023 (09:14 IST)

ഡേവിഡ് വാര്‍ണറെ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കുമെന്ന സൂചന നല്‍കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ വാര്‍ണര്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്. മോശം ഫോമിനെ തുടര്‍ന്നാണ് വാര്‍ണറെ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താക്കാന്‍ ആലോചിക്കുന്നത്.

ടെസ്റ്റ് ക്രിക്കറ്റില്‍ 2021 മുതല്‍ ഡേവിഡ് വാര്‍ണറിന്റെ ബാറ്റിങ് ശരാശരി 28.17 ആണ്. വിദേശ മത്സരങ്ങളില്‍ നിറംമങ്ങുന്ന പ്രകടനമാണ് വാര്‍ണര്‍ നടത്തുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആഷസ് മൂന്നാം ടെസ്റ്റില്‍ മിച്ചല്‍ മാര്‍ഷ് മികച്ച പ്രകടനം നടത്തി തിരിച്ചുവന്നതും വാര്‍ണറിന്റെ സാധ്യതകള്‍ കുറയ്ക്കുന്നു.

ഡേവിഡ് വാര്‍ണറുടെ ഭാര്യ കാന്‍ഡിസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രവും അതിനു നല്‍കിയ അടിക്കുറിപ്പും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. വാര്‍ണര്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചു എന്ന സൂചനയാണ് ഈ പോസ്റ്റ് നല്‍കുന്നത്. 'ടെസ്റ്റ് ക്രിക്കറ്റിനൊപ്പമുള്ള യാത്രയുടെ യുഗം ഞങ്ങള്‍ക്ക് അവസാനിച്ചിരിക്കുന്നു, ഇത് രസകരമാണ്. എക്കാലവും നിങ്ങളുടെ ഏറ്റവും വലിയ പിന്തുണ ഈ പെണ്‍പടയാണ്, ലവ് യൂ വാര്‍ണര്‍' എന്നാണ് അഞ്ച് പേരുമുള്ള ചിത്രത്തിന് അടിക്കുറിപ്പായി കാന്‍ഡിസ് നല്‍കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :