Yashasvi Jaiswal: ഒന്നിനും കൊള്ളാത്ത രോഹിത് പുറത്തിരിക്കട്ടെ; ജയ്‌സ്വാളിനെ ഇന്ത്യന്‍ ടീമിലെടുക്കണമെന്ന് ആരാധകര്‍

റണ്‍സ് കണ്ടെത്താന്‍ സാധിക്കാതെ തുടര്‍ച്ചയായി പരാജയപ്പെടുകയാണ് രോഹിത് ശര്‍മ

രേണുക വേണു| Last Modified വെള്ളി, 12 മെയ് 2023 (09:26 IST)

Yashasvi Jaiswal: രോഹിത് ശര്‍മയ്ക്ക് പകരം പരിമിത ഓവര്‍ ക്രിക്കറ്റില്‍ യഷസ്വി ജയ്‌സ്വാള്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കണമെന്ന് ആരാധകര്‍. ഐപിഎല്ലിലെ താരത്തിന്റെ മികച്ച പ്രകടനം ബിസിസിഐയും സെലക്ടര്‍മാരും പരിഗണിക്കണമെന്നും മോശം ഫോമിലുള്ള രോഹിത് ശര്‍മയെ പുറത്തിരുത്തണമെന്നുമാണ് ആരാധകരുടെ ആവശ്യം. ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലുമാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍ ആകേണ്ടതെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു.

റണ്‍സ് കണ്ടെത്താന്‍ സാധിക്കാതെ തുടര്‍ച്ചയായി പരാജയപ്പെടുകയാണ് രോഹിത് ശര്‍മ. ഏകദിന ലോകകപ്പ് അടുത്തിരിക്കെ ഫോമിലല്ലാത്ത രോഹിത്തിനെ ടീമില്‍ നിലനിര്‍ത്തുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. പോസിറ്റീവ് ക്രിക്കറ്റ് കളിക്കുന്ന ജയ്‌സ്വാളിനെ പോലെ ഉള്ള താരങ്ങളാണ് ഇനി ഇന്ത്യന്‍ ടീമില്‍ വേണ്ടതെന്നും ആരാധകര്‍ പറയുന്നു. സ്പിന്നിനെയും പേസിനെയും ഒരുപോലെ നേരിടാനുള്ള കഴിവും ഏത് സാഹചര്യത്തിലും ആത്മധൈര്യത്തോടെ ബാറ്റ് ചെയ്യാനുള്ള കഴിവും ജയ്‌സ്വാളിന് ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

ഈ സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 167.15 സ്‌ട്രൈക്ക് റേറ്റോടെ 575 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയിരിക്കുന്നത്. 124 ആണ് ഉയര്‍ന്ന സ്‌കോര്‍. ശരാശരിയാകട്ടെ 52.27 ഉം. പവര്‍പ്ലേയില്‍ മികച്ച രീതിയില്‍ റണ്‍സ് ഉയര്‍ത്താനുള്ള കഴിവ് ജയ്‌സ്വാളിനുണ്ട്. ട്വന്റി 20 ഫോര്‍മാറ്റില്‍ കണ്ണുമടച്ച് ടീമിലെടുക്കാവുന്ന താരമാണ് ജയ്‌സ്വാള്‍. ഗില്ലിനൊപ്പം ജയ്‌സ്വാള്‍ ഓപ്പണറായി എത്തിയാല്‍ അത് നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും ആരാധകര്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :