Sanju Samson: സഞ്ജു അടിച്ചുകളിച്ചത് ജയ്‌സ്വാളിനെ സെഞ്ചുറിയടിപ്പിക്കാതിരിക്കാനല്ല, കാരണം ഇതാണ്

രേണുക വേണു| Last Modified വെള്ളി, 12 മെയ് 2023 (08:46 IST)

Sanju Samson: നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഒന്‍പത് വിക്കറ്റുകള്‍ക്ക് തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയിരിക്കുകയാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടിയപ്പോള്‍ രാജസ്ഥാന്‍ 13.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. യശസ്വി ജയ്‌സ്വാള്‍ (47 പന്തില്‍ 98), സഞ്ജു സാംസണ്‍ (29 പന്തില്‍ 48) എന്നിവരാണ് രാജസ്ഥാന് അനായാസ ജയം സമ്മാനിച്ചത്.

ജയ്‌സ്വാളിന് സെഞ്ചുറി നേടാന്‍ സാധിക്കാതെ പോയതില്‍ രാജസ്ഥാന്‍ ആരാധകര്‍ക്ക് വലിയ വിഷമമുണ്ട്. സഞ്ജു ഒന്ന് ആഞ്ഞുശ്രമിച്ചിരുന്നെങ്കില്‍ ജയ്‌സ്വാള്‍ സെഞ്ചുറി അടിക്കുമായിരുന്നു എന്നാണ് ചില ആരാധകരെങ്കിലും ഇപ്പോഴും കരുതുന്നത്. ജയ്‌സ്വാളിനെ മറുവശത്ത് സാക്ഷി നിര്‍ത്തി സഞ്ജു കിടിലന്‍ ഷോട്ടുകള്‍ കളിച്ചിരുന്നു. മിക്കതും ബൗണ്ടറി ആയതോടെ രാജസ്ഥാന് ചേസ് ചെയ്യാനുള്ള റണ്‍സ് അതിവേഗം കുറയുകയായിരുന്നു. ഇതാണ് ജയ്‌സ്വാളിന്റെ സെഞ്ചുറി നഷ്ടപ്പെടാന്‍ പ്രധാന കാരണം.

എന്നാല്‍ സഞ്ജു അങ്ങനെ അടിച്ചുകളിച്ചതിനു ഒരു കാരണമുണ്ട്. എത്രയും വേഗം ജയിക്കാന്‍ പറ്റുന്നോ അത്രയും വേഗം ജയിക്കുക എന്നതായിരുന്നു രാജസ്ഥാന് മുന്നിലുള്ള വഴി. കാരണം പ്ലേ ഓഫിനോട് അടുക്കും തോറും നെറ്റ് റണ്‍റേറ്റ് വലിയ കടമ്പയാണ്. കൊല്‍ക്കത്തയ്‌ക്കെതിരെ വേഗം ജയിക്കാനായാല്‍ രാജസ്ഥാന്റെ നെറ്റ് റണ്‍റേറ്റില്‍ വലിയ ഉയര്‍ച്ചയുണ്ടാകും. അതിനുവേണ്ടിയാണ് സഞ്ജു തുടര്‍ച്ചയായി ബൗണ്ടറികള്‍ക്ക് ശ്രമിച്ചത്. ജയ്‌സ്വാളും ഇതിന് പിന്തുണ നല്‍കിയിരുന്നു.

അതേസമയം, ജയ്‌സ്വാളിന് സെഞ്ചുറി അടിക്കാന്‍ വേണ്ടി നായകന്‍ സഞ്ജു ചെയ്ത ഒരു കാര്യവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. 13-ാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം. സുയാഷ് ശര്‍മയാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടി ആ ഓവര്‍ എറിഞ്ഞത്. വെറും മൂന്ന് റണ്‍സ് മാത്രമായിരുന്നു ആ സമയത്ത് രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. 28 പന്തില്‍ 48 റണ്‍സുമായി സഞ്ജു സ്‌ട്രൈക്കര്‍ എന്‍ഡിലും 94 റണ്‍സുമായി ജയ്‌സ്വാള്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുമായിരുന്നു. സുയാഷ് ശര്‍മ എറിഞ്ഞ ലാസ്റ്റ് ബോള്‍ ലെഗ് സൈഡില്‍ വൈഡും ചിലപ്പോള്‍ ഫോറും ആകേണ്ടതായിരുന്നു. എന്നാല്‍ ആ പന്ത് കാലുകൊണ്ട് തടുത്തിടുകയാണ് സഞ്ജു ചെയ്തത്.

ജയ്‌സ്വാള്‍ അടുത്ത ഓവറില്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് എത്തി സെഞ്ചുറി അടിക്കട്ടെ എന്ന ആഗ്രഹത്തിന്റെ പുറത്താണ് സഞ്ജു അങ്ങനെ ചെയ്തത്. ആ പന്ത് വൈഡും ഫോറും ആകുകയായിരുന്നെങ്കില്‍ മത്സരം അവിടെ തീരുമായിരുന്നു. അത് ഒഴിവാക്കുകയാണ് സഞ്ജു ചെയ്തത്. പക്ഷേ അടുത്ത ഓവറില്‍ ക്രീസിലെത്തിയ ജയ്‌സ്വാളിന് ആദ്യ പന്തില്‍ ഫോര്‍ അടിക്കാനേ സാധിച്ചുള്ളൂ. അങ്ങനെ വ്യക്തിഗത സ്‌കോര്‍ 98 ല്‍ നിന്നു. സിക്‌സര്‍ നേടിയിരുന്നെങ്കില്‍ ഐപിഎല്ലില്‍ മറ്റൊരു സെഞ്ചുറി കൂടി ജയ്‌സ്വാളിന് സ്വന്തമാക്കാമായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :