രേണുക വേണു|
Last Modified വെള്ളി, 12 മെയ് 2023 (08:12 IST)
Rajasthan Royals: നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഒന്‍പത് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടിയപ്പോള്‍ രാജസ്ഥാന്‍ 13.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി.
തകര്‍ത്തടിച്ച ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ (47 പന്തില്‍ 98 നോട്ട്ഔട്ട്), മികച്ച പിന്തുണ നല്‍കിയ നായകന്‍ സഞ്ജു സാംസണ്‍ (29 പന്തില്‍ 48 നോട്ട്ഔട്ട്) എന്നിവരുടെ ഇന്നിങ്‌സുകളാണ് രാജസ്ഥാന് അനായാസ വിജയം നല്‍കിയത്. 13 ഫോറുകളും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു ജയ്‌സ്വാളിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. വെറും 13 ബോളില്‍ നിന്നാണ് ജയ്‌സ്വാള്‍ അര്‍ധസെഞ്ചുറി നേടിയത്. ജോസ് ബട്‌ലര്‍ റണ്‍സൊന്നും എടുക്കാതെ പുറത്തായി.
ടോസ് ലഭിച്ച രാജസ്ഥാന്‍ കൊല്‍ക്കത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. യുസ്വേന്ദ്ര ചഹലിന്റെ സ്പിന്‍ മാജിക്കിന് മുന്നില്‍ കൊല്‍ക്കത്ത തകര്‍ന്നുവീഴുന്ന കാഴ്ചയാണ് ഈഡന്‍ ഗാര്‍ഡനില്‍ കണ്ടത്. ചഹല്‍ നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റും സന്ദീപ് ശര്‍മ, കെ.എം.ആസിഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. കൊല്‍ക്കത്തയ്ക്ക് വേണ്ടി വെങ്കടേഷ് അയ്യര്‍ 42 പന്തില്‍ 57 റണ്‍സ് നേടി ടോപ് സ്‌കോററായി. നിതീഷ് റാണ 17 പന്തില്‍ 22 റണ്‍സ് നേടി. മറ്റാര്‍ക്കും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചില്ല.