അഭിറാം മനോഹർ|
Last Modified ഞായര്‍, 8 ഡിസംബര്‍ 2024 (15:48 IST)
ഓസ്‌ട്രേലിയക്കെതിരായ അഡലെയ്ഡ് ടെസ്റ്റില്‍ 10 വിക്കറ്റിന് പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ഒന്നാം ഇന്നിങ്ങ്‌സില്‍ 157 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്ങ്‌സില്‍ 175ന് റണ്‍സിന് പുറത്തായിരുന്നു. ഇതോടെ 19 റണ്‍സ് വിജയലക്ഷ്യമാണ് ഓസീസിന് മുന്നിലുണ്ടായിരുന്നത്. വിക്കറ്റ് നഷ്ടമില്ലാതെ 3.2 ഓവറില്‍ ഓസീസ് ഇത് മറികടന്നിരുന്നു. ഇതോടെ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകള്ളും 1-1ന് ഒപ്പമെത്തി.
നേരത്തെ പെര്‍ത്ത് ടെസ്റ്റിലെ തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണിരുന്നെങ്കിലും അഡലെയ്ഡില്‍ വിജയിക്കാനായതോടെ 60.71 പോയന്റ് ശതമാനത്തോടെ ഓസീസ് ഒന്നാം സ്ഥാനത്തെത്തി. 57.29 പോയന്റ് ശതമാനമുള്ള ഇന്ത്യ പട്ടികയില്‍ മൂന്നാമതാണ്. 59.26 പോയന്റ് ശതമാനമുള്ള ദക്ഷിണാഫ്രിക്കയാണ് പട്ടികയില്‍ നിലവില്‍ രണ്ടാമതുള്ളത്. ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ വിജയിക്കാനായാല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയരാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കും.
ഓസ്‌ട്രേലിയയില്‍ 4 ടെസ്റ്റ് മത്സരങ്ങള്‍ വിജയിച്ചെങ്കില്‍ മാത്രമെ മറ്റ് ടീമുകളെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ സാധിക്കു. അതിനാല്‍ തന്നെ പരമ്പരയിലെ ഇനിയുള്ള 3 ടെസ്റ്റുകളും ഇന്ത്യയ്ക്ക് ജയിക്കേണ്ടതുണ്ട്. ഓസീസ് സാഹചര്യങ്ങളില്‍ അടുത്ത 3 മത്സരങ്ങളിലും വിജയിക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് പ്രയാസമുള്ള കാര്യമായിരിക്കും.