അഭിറാം മനോഹർ|
Last Modified ഞായര്‍, 8 ഡിസംബര്‍ 2024 (11:14 IST)
ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് 10 വിക്കറ്റിന്റെ വിജയം. ആദ്യ ഇന്നിങ്ങ്‌സില്‍ 180 റണ്‍സിന് ഇന്ത്യയെ പുറത്താക്കിയ ഓസീസ് ട്രാവിസ് ഹെഡിന്റെ(140) സെഞ്ചുറി പ്രകടനത്തിന്റെ മികവില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ 337 റണ്‍സെടുത്തിരുന്നു. രണ്ടാം ഇന്നിങ്ങ്‌സില്‍ വീണ്ടും തകര്‍ന്നടിഞ്ഞതോടെ ഇന്ത്യന്‍ ഇന്നിങ്ങ്‌സ് 175 റണ്‍സിന് അവസാനിച്ചു. രണ്ടാം ഇന്നിങ്ങ്‌സില്‍ 19 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടമൊന്നും കൂടാതെ ലക്ഷ്യത്തിലെത്തി.
ആദ്യ ഇന്നിങ്ങ്‌സില്‍ 42 റണ്‍സുമായി ടോപ് സ്‌കോററായ നിതീഷ് കുമാര്‍ റെഡ്ഡി തന്നെയാണ് രണ്ടാം ഇന്നിങ്ങ്‌സിലും ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. രണ്ടാം ഇന്നിങ്ങ്‌സിലും 42 റണ്‍സാണ് താരം നേടിയത്. മൂന്നാം ദിവസം അഞ്ച് വിക്കറ്റ് നഷ്ടമെന്ന നിലയില്‍ ക്രീസിലെത്തിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ റിഷഭ് പന്തിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. ഇതോടെ തന്നെ മത്സരം ഇന്ത്യ കൈവിട്ടു. പിന്നാലെ ഇറങ്ങിയ താരങ്ങളില്‍ ആര്‍ക്കും തന്നെ നിതീഷ് കുമാറിന് പിന്തുണ നല്‍കാനായില്ല. ഓസ്‌ട്രേലിയക്കായി പാറ്റ് കമ്മിന്‍സ് 5 വിക്കറ്റ് വീഴ്ത്തി. സ്‌കോട്ട് ബോളണ്ട് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റുകള്‍ നേടി.