ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്നും പാകിസ്ഥാൻ പുറത്ത്, ഇന്ത്യയുടെ സാധ്യതകൾ എങ്ങനെ

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 ഡിസം‌ബര്‍ 2022 (21:55 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനോടടുക്കുമ്പോൾ ഇംഗ്ലണ്ടിനോടുള്ള തോൽവിയോടെ പാക് ഫൈനൽ സാധ്യതകൾ അവസാനിച്ചിരിക്കുകയാണ്. 22 വർഷത്തിന് ശേഷം പാക് മണ്ണിൽ ഇംഗ്ലണ്ട് പട വിജയം നേടിയതോടെയാണ് പാകിസ്ഥാൻ്റെ ടൂർണമെൻ്റ് സാധ്യതകൾ അവസാനിച്ചത്.

ഇത്തവണ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ശരാശരിപ്രകടനമാണെങ്കിലും ഇന്ത്യയ്ക്ക് ചാമ്പ്യൻഷിപ്പിൽ സാധ്യത തുറക്കുന്നതാണ് പാക് ടീമിൻ്റെ പരാജയം. ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലാണ് ഇനി കളിക്കാനിറങ്ങുന്നത്. ഇനി 6 മത്സരങ്ങളാണ് ഇന്ത്യയ്ക്ക് അവശേഷിക്കുന്നത്. ഇതിൽ 2 മത്സരങ്ങൾ ബംഗ്ലാദേശിനെതിരെയാണ്. രോഹിത് ശർമയുടെ അഭാവത്തിൽ കെ എൽ രാഹുലാകും ഇന്ത്യയെ നയിക്കുന്നത്. ഇതുവരെയും ഇന്ത്യയെ ടെസ്റ്റിൽ തോൽപ്പിക്കാനായിട്ടില്ലെങ്കിലും ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളിയാകും ബംഗ്ലാദേശ് ഉയർത്തുക.

ബംഗ്ലാദേശിനെതിരായ മത്സരത്തിന് ശേഷമുള്ള 4 ടെസ്റ്റുകളും ഓസീസിനെതിരെ ഇന്ത്യയിലാണ്. സ്വന്തം മണ്ണിൽ പരമ്പര നടക്കുന്നുവെന്ന മേൽക്കെ ഉണ്ടെങ്കിലും ടെസ്റ്റിൽ ശക്തമായ നിരയാണ് ഓസീസിനുള്ളത്. അതിനാൽ തന്നെ ബംഗ്ലാദേശ് പരമ്പര നേടാതെ ഇന്ത്യയ്ക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിലനിൽക്കാനാവില്ല.ശേഷിക്കുന്ന 6 ടെസ്റ്റുകളിൽ അഞ്ചെണ്ണമെങ്കിലും വിജയിച്ചാൽ മാത്രമെ ഇന്ത്യയ്ക്ക് ഫൈനൽ സാധ്യതയുള്ളത്.

108 പോയൻ്റുകളുമായി ഓസ്ട്രേലിയയാണ് ചാമ്പ്യൻഷിപ്പിൽ മുന്നിലുള്ളത്. 72 പോയൻ്റുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാമത്. ഇന്ത്യയ്ക്ക് 75 പോയൻ്റുകളുണ്ട്. എന്നാൽ ഇന്ത്യയേക്കാൾ കൂടുതൽ മത്സരങ്ങൾ അവർക്ക് ബാക്കിയുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ന്യൂസിലൻഡ് ഇത്തവണ ഫൈനലിലെത്തില്ല എന്നതുറപ്പായി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :