രേണുക വേണു|
Last Modified ശനി, 19 ജൂണ്‍ 2021 (21:38 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ എന്നിവരുടെയും വണ്‍ഡൗണ്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാരയുടെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ഭേദപ്പെട്ട തുടക്കം നല്‍കിയ ശേഷമാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ കൂടാരം കയറിയത്. ഗില്ലും രോഹിത് ശര്‍മയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 62 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 68 പന്തില്‍ നിന്ന് ആറ് ഫോര്‍ സഹിതം 34 റണ്‍സാണ് രോഹിത് നേടിയതെങ്കില്‍ 64 പന്തില്‍ നിന്ന് മൂന്ന് ഫോറുകളുടെ അകമ്പടിയോടെ 28 റണ്‍സായിരുന്നു ഗില്ലിന്റെ സംഭാവന.
ഇംഗ്ലീഷ് സാഹചര്യത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്ന് ട്വീറ്റ് ചെയ്യാന്‍ വരികയായിരുന്നു താനെന്നും അപ്പോഴേക്കും രണ്ട് പേരുടെയും വിക്കറ്റുകള്‍ നഷ്ടമായെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കൂടിയായ നാസര്‍ ഹുസൈന്‍ പറയുന്നു. 'ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ഏറ്റവും മാസ്റ്റര്‍ ക്ലാസായ രീതിയില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ബാറ്റ് ചെയ്തു. ഞാന്‍ ഇക്കാര്യം ട്വീറ്റ് ചെയ്യാന്‍ വരികയായിരുന്നു. അപ്പോഴേക്കും രണ്ടുപേരും ഔട്ടായി. എങ്കിലും ഇരുവരും വളരെ മനോഹരമായി കളിച്ചു,' ഹുസൈന്‍ പറഞ്ഞു.