ജാമിസണിന്റെ പന്ത് നേരെ മുഖത്തേയ്ക്ക്; ഉടന്‍ ഹെല്‍മറ്റ് ഊരി ഗില്‍, വീഡിയോ

രേണുക വേണു| Last Modified ശനി, 19 ജൂണ്‍ 2021 (20:46 IST)

ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ വാശിയേറിയ പോരാട്ടം നടക്കുകയാണ്. ടോസ് നഷ്ടപ്പെട്ട ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്യുന്നത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ എന്നിവരുടെയും മൂന്നാമന്‍ ചേതേശ്വര്‍ പൂജാരയുടെയും വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി.

കിവീസ് ബൗളര്‍മാരുടെ വേഗമേറിയ പന്ത് പലപ്പോഴും ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെ പ്രതിരോധത്തിലാക്കുന്ന കാഴ്ചയാണ് സതാംപ്ടണില്‍ കാണുന്നത്. ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്‍ കിവീസ് ഓള്‍റൗണ്ടര്‍ കെയ്‌ലി ജാമിസണിന്റെ പന്തുകള്‍ നേരിടാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. അതിനിടയില്‍ ഒരു പന്ത് നേരെ വന്നത് ഗില്ലിന്റെ മുഖത്തേക്കാണ്.

17-ാം ഓവറിലായിരുന്നു സംഭവം. പന്ത് നേരെവന്ന് കൊണ്ടത് ഗില്ലിന്റെ ഹെല്‍മറ്റിലാണ്. ഹെല്‍മറ്റില്‍ പന്ത് കൊണ്ടതും ഗില്‍ മുഖം പിന്നിലേക്ക് വലിച്ചു. ഉടന്‍ ഹെല്‍മറ്റ് ഊരി. പന്ത് തലയില്‍ കൊണ്ടത് ഗില്ലിനെ അസ്വസ്ഥമാക്കി. തലകറക്കത്തിന്റേതായ ചില ലക്ഷണങ്ങള്‍ താരം കാണിച്ചു. ഉടന്‍ തന്നെ ഫിസിയോ മൈതാനത്തേക്ക് ഓടിയെത്തി. കുറച്ച് നേരത്തേക്ക് കളി നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. ഫിസിയോയുടെ പരിശോധനയ്ക്ക് ശേഷം ഗില്‍ ആരോഗ്യവാനാണെന്ന് ഉറപ്പായപ്പോള്‍ മത്സരം പുനഃരാരംഭിക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :