രേണുക വേണു|
Last Modified ഞായര്‍, 20 ജൂണ്‍ 2021 (20:54 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് പൂര്‍ത്തിയായി. വെറും 217 റണ്‍സ് മാത്രമാണ് ഇന്ത്യ നേടിയത്. അജിങ്ക്യ രഹാനെ 117 പന്തില്‍ നിന്ന് 49 റണ്‍സ് നേടി ഇന്ത്യയുടെ ടോപ് സ്‌കോററായി. അര്‍ഹിക്കുന്ന അര്‍ധ സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെയാണ് ഇന്ത്യയുടെ വിശ്വസ്ത ബാറ്റ്‌സ്മാനായ രഹാനെ മടങ്ങിയത്. ഒരു സിംഗിള്‍ നേടി അര്‍ധ സെഞ്ചുറി തികയ്ക്കാന്‍ രഹാനെ കളിച്ച ഷോട്ടാണ് വിനയായത്. റണ്‍സ് നേടാനായി താരം ഒരു പുള്‍ഷോട്ടിന് ശ്രമിക്കുകയായിരുന്നു. എന്നാല്‍, ആ ശ്രമം പാളിപ്പോയി. വാഗ്നറുടെ പന്തില്‍ ലാതം ആണ് രഹാനെയുടെ ക്യാച്ച് എടുത്തത്.
'ഓണ്‍സൈഡിലേക്ക് പുള്‍ഷോട്ടിലൂടെ ഒരു സിംഗിള്‍ കണ്ടെത്താനാണ് രഹാനെ ശ്രമിച്ചത്. അങ്ങനെയൊരു ശ്രമം നടത്താന്‍ തന്നെയുള്ള ന്യായീകരണം ഒരു റണ്‍സ് നേടി അര്‍ധ സെഞ്ചുറി നേടുക എന്നതാകും. എന്നാല്‍, വാഗ്നറുടെ പന്ത് പെട്ടന്ന് ബൗണ്‍സറായി. ഉദ്ദേശിച്ച പോലെ ആ ഷോട്ട് കളിക്കാന്‍ രഹാനെയ്ക്ക് സാധിച്ചില്ല. അദ്ദേഹം വളരെ നിരാശനാണ്,' കമന്ററി ബോക്‌സില്‍ ഉണ്ടായിരുന്ന മുന്‍ ഇന്ത്യന്‍ താരം കൂടിയായ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.