സൂര്യകുമാര്‍ സഞ്ജുവിന്റെ ജേഴ്‌സി ധരിച്ച് കളിക്കാന്‍ കാരണം ഇതാണ്; അടുത്ത കളിയിലും ഈ ജേഴ്‌സി തന്നെ !

സഞ്ജു പ്ലേയിങ് ഇലവനില്‍ ഇല്ലെങ്കിലും സഞ്ജുവിന്റെ ജേഴ്സി വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിക്കാന്‍ ഇറങ്ങി

രേണുക വേണു| Last Modified വെള്ളി, 28 ജൂലൈ 2023 (10:38 IST)

മലയാളി താരം സഞ്ജു സാംസണെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്തതിന്റെ വിഷമത്തിലാണ് ആരാധകര്‍. ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറായി ടീമില്‍ ഇടം പിടിച്ചതോടെയാണ് സഞ്ജുവിന് ബെഞ്ചില്‍ ഇരിക്കേണ്ടി വന്നത്. സെലക്ടര്‍മാരും മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും സഞ്ജുവിനേക്കാള്‍ പരിഗണന ഇഷാന് നല്‍കുന്നുണ്ടെന്ന് ഇതോടെ വ്യക്തമായി.

സഞ്ജു പ്ലേയിങ് ഇലവനില്‍ ഇല്ലെങ്കിലും സഞ്ജുവിന്റെ ജേഴ്സി വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിക്കാന്‍ ഇറങ്ങി ! ഇന്ത്യയുടെ മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ആണ് സഞ്ജുവിന്റെ ജേഴ്സി ധരിച്ച് കളിക്കാന്‍ ഇറങ്ങിയത്. ഫീല്‍ഡിങ്ങിന് ഇറങ്ങിയപ്പോഴും പിന്നീട് ബാറ്റ് ചെയ്യാനെത്തിയപ്പോഴും സഞ്ജു എന്ന് എഴുതിയ ജേഴ്സിയാണ് സൂര്യകുമാര്‍ ധരിച്ചിരുന്നത്.

എന്തുകൊണ്ടാണ് സൂര്യകുമാര്‍ സഞ്ജുവിന്റെ ജേഴ്‌സി ധരിച്ച് കളിക്കാന്‍ ഇറങ്ങിയതെന്ന് ബിസിസിഐ വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. കൃത്യ അളവിലുള്ള ജേഴ്‌സിയല്ല സൂര്യക്ക് ലഭിച്ചതെന്നും അതുകൊണ്ടാണ് സഞ്ജുവിന്റെ ജേഴ്‌സി കടം വാങ്ങിയതെന്നും ബിസിസിഐ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജേഴ്‌സിയുടെ വലിപ്പം തനിക്ക് യോജിച്ചതല്ലെന്ന് മത്സരത്തിന്റെ തലേന്ന് തന്നെ സൂര്യ ടീം മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. അളവ് കൃത്യമല്ലെങ്കിലും ആ ജേഴ്‌സി ധരിച്ച് സൂര്യ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തിരുന്നു. ജേഴ്‌സിയുടെ അളവ് മാറ്റി തരണമെന്ന് സൂര്യ ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെടുകയും ചെയ്തു. മത്സര ദിവസം മീഡിയം അളവിലുള്ള ജേഴ്‌സിയാണ് സൂര്യക്ക് ലഭിച്ചത്. യഥാര്‍ഥത്തില്‍ ലാര്‍ജ് അളവിലുള്ളതാണ് താരം ആവശ്യപ്പെട്ടത്. അതുകൊണ്ടാണ് സൂര്യക്ക് സഞ്ജുവിന്റെ ജേഴ്‌സി ആവശ്യപ്പെടേണ്ടി വന്നതെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു.

ശനിയാഴ്ച നടക്കുന്ന രണ്ടാം ഏകദിനത്തിന് ശേഷം മാത്രമേ സൂര്യ ആവശ്യപ്പെട്ട അളവില്‍ ഉള്ള ജേഴ്‌സി ഇന്ത്യയില്‍ നിന്ന് എത്തൂ. വിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്ക് വരുന്ന താരങ്ങളുടെ കൈയിലാണ് ഈ ജേഴ്‌സി കൊടുത്തയക്കുക. അതുകൊണ്ട് രണ്ടാം ഏകദിനത്തിലും സൂര്യ സഹതാരത്തിന്റെ ജേഴ്‌സി കടം വാങ്ങേണ്ടി വരുമെന്നാണ് ബിസിസിഐ പറയുന്നത്.

ഐസിസി നിയമപ്രകാരം ജേഴ്‌സിയുടെ പിന്നിലുള്ള പേര് മറച്ചുവെച്ച് താരങ്ങള്‍ക്ക് കളിക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് സാംസണ്‍ എന്നെഴുതിയത് സ്റ്റിക്കര്‍ ഉപയോഗിച്ച് മറയ്ക്കാന്‍ സൂര്യ ശ്രമിക്കാതിരുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :