രേണുക വേണു|
Last Modified വ്യാഴം, 27 ജൂലൈ 2023 (16:04 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം കുറിക്കുമ്പോള്‍ ഇന്ത്യന്‍ ആരാധകരെല്ലാം വലിയ ആവേശത്തിലാണ്. ഏകദിന ലോകകപ്പിന് മുന്‍പ് തീരുമാനിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിനുള്ള ഉത്തരം ഈ പരമ്പരയിലൂടെ ബിസിസിഐയും സെലക്ടര്‍മാരും നല്‍കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വിക്കറ്റ് കീപ്പറായി ആര് പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കും എന്നതാണ് ആദ്യത്തെ സംശയം. വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇഷാന്‍ കിഷന്‍ ആണോ സഞ്ജു സാംസണ്‍ ആണോ ഇടംപിടിക്കുക എന്ന സംശയത്തിലാണ് ആരാധകര്‍.
പരുക്കില്‍ നിന്ന് പൂര്‍ണ മുക്തി നേടി തിരിച്ചെത്തിയാല്‍ കെ.എല്‍.രാഹുല്‍ ആയിരിക്കും ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. അക്കാര്യത്തില്‍ ബിസിസിഐയും സെലക്ടര്‍മാര്‍ക്കും എതിരഭിപ്രായമില്ല. അതേസമയം റിഷഭ് പന്ത് തിരിച്ചുവരാന്‍ സാധ്യത കുറവായതിനാല്‍ ആരായിരിക്കണം ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ എന്ന ചോദ്യത്തിനു മറുപടി സെലക്ടര്‍മാരുടെ ഭാഗത്തു നിന്ന് ഇന്ന് ലഭിക്കും. അത് സഞ്ജുവോ ഇഷാനോ?
ആദ്യ ഏകദിനത്തില്‍ ആര്‍ക്കാണ് പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കുന്നത് ആ താരം തന്നെയായിരിക്കും ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ബാക്കപ്പ് വിക്കറ്റ് കീപ്പറായി സ്ഥാനം പിടിക്കുക. കണക്കുകള്‍ സഞ്ജുവിന് മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും ഇഷാന്‍ കിഷനെ ഒറ്റയടിക്ക് തള്ളിക്കളയാല്‍ ബിസിസഐയും സെലക്ടര്‍മാരും തയ്യാറല്ല.
ട്വന്റി 20 യേക്കാള്‍ സ്ഥിരത ഏകദിന ഫോര്‍മാറ്റില്‍ പുലര്‍ത്താന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. 11 ഏകദിനങ്ങളില്‍ നിന്ന് 66 നടുത്ത ശരാശരിയില്‍ 330 റണ്‍സാണ് സഞ്ജു ഇതുവരെ നേടിയിരിക്കുന്നത്. ഏകദിനത്തിലെ പ്രകടനം പരിഗണിക്കുമ്പോള്‍ ഇഷാന്‍ സഞ്ജുവിനേക്കാള്‍ വളരെ പിന്നിലാണ്. ന്യൂസിലന്‍ഡിനും ഓസ്‌ട്രേലിയയ്ക്കും എതിരെ മോശം പ്രകടനമാണ് ഈ വര്‍ഷം ഇഷാന്‍ നടത്തിയത്. 5, 8 (നോട്ട്ഔട്ട്), 17, 3 എന്നിങ്ങനെയാണ് ഇഷാന്‍ കിഷന്റെ അവസാന നാല് ഏകദിന ഇന്നിങ്‌സുകളിലെ സ്‌കോറുകള്‍.
കണക്കുകള്‍ ഇങ്ങനെയാണെങ്കിലും മധ്യനിരയില്‍ ഒരു ഇടംകയ്യന്‍ ബാറ്റര്‍ വേണം എന്ന തീരുമാനം ഇന്ത്യ എടുത്താല്‍ അത് ഇഷാന്‍ കിഷന് ഗുണം ചെയ്യും. രവീന്ദ്ര ജഡേജ മാത്രമാണ് നിലവില്‍ ഇന്ത്യയിലെ ഏക ഇടംകയ്യന്‍. മുന്‍ നിരയിലോ മധ്യ നിരയിലോ വേറെ ഇടംകയ്യന്‍മാര്‍ ഇല്ല. മധ്യ ഓവറുകളില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ലെഗ് സ്പിന്നേഴ്‌സിനെതിരെ മോശം പ്രകടനം നടത്തുന്നത് കൂടി പരിഗണിച്ചാല്‍ ഒരു ഇടംകയ്യനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള പരീക്ഷണത്തിലേക്ക് പരിശീലകന്‍ ദ്രാവിഡ് എത്തും. അങ്ങനെ വന്നാല്‍ ഇഷാന്‍ കിഷന്‍ ടീമില്‍ ഇടം പിടിക്കും.