മുൻതൂക്കം ഇഷാൻ കിഷന് തന്നെ, സഞ്ജു പിന്നിലെന്ന് ദിനേശ് കാർത്തിക്

അഭിറാം മനോഹർ| Last Modified ബുധന്‍, 26 ജൂലൈ 2023 (13:38 IST)
വെസ്റ്റിന്‍ഡീസിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര നാളെ നടക്കാനിരിക്കെ ഏകദിനടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ആരെത്തുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. സഞ്ജു സാംസണ്‍,ഇഷാന്‍ കിഷന്‍ എന്നീ താരങ്ങള്‍ക്ക് ടീം ഒരേസമയം അവസരം നല്‍കുമോ എന്നതും ഏതെങ്കിലും താരത്തെ ഒഴിവാക്കുമോ എന്നതും ഇതുവരെയും വ്യക്തമല്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ എന്തായിരിക്കുമെന്ന് പറയുകയാണ് ഇന്ത്യന്‍ വെറ്ററന്‍ താരവും കമന്റേറ്ററുമായ ദിനേശ് കാര്‍ത്തിക്.

ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പര്‍ ആരാകുമെന്നതില്‍ ഇഷാന്‍ കിഷനും സഞ്ജു സാംസണും തമ്മില്‍ മത്സരമുണ്ടെന്ന് കാര്‍ത്തിക് പറയുന്നു. ഒരു ഇടം കയ്യന്‍ ബാറ്റര്‍ ആയതിനാല്‍ തന്നെ സഞ്ജുവിനേക്കാള്‍ ഇഷാന്‍ കിഷന് മുന്‍തൂക്കമുണ്ട്. പരിക്ക് മാറി ടീമിലെത്തുന്ന കെ എല്‍ രാഹുലാകും ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍. ഇടം കയ്യനായതിനാല്‍ കിഷന്‍ രണ്ടാം വിക്കറ്റ് കീപ്പറായാകും ലോകകപ്പ് ടീമിലെത്തുക. വിന്‍ഡീസിനെതിരെ കെ എല്‍ രാഹുല്‍ ഇല്ലാത്തതിനാല്‍ തന്നെ വിക്കറ്റ് കീപ്പര്‍ താരമല്ലാതെ തന്നെ സഞ്ജുവിന് കളിക്കാന്‍ അവസരം ഒരുങ്ങിയേക്കും.

നിലവില്‍ ടീം ഇന്ത്യയ്ക്കായി 11 ഏകദിനമത്സരങ്ങള്‍ കളിച്ചിട്ടുള്ള സഞ്ജു 66 റണ്‍സ് ശരാശരിയില്‍ 330 റണ്‍സ് നേടിയിട്ടുണ്ട്. അതേസമയം ഇന്ത്യയ്ക്കായി 14 ഏകദിനങ്ങളും 27 ടി20 മത്സരങ്ങളും 2 ടെസ്റ്റ് മത്സരങ്ങളും കളിച്ച അനുഭവസമ്പത്ത് ഇഷാന്‍ കിഷനുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :