രേണുക വേണു|
Last Updated:
ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (10:07 IST)
Rishabh Pant:
ട്വന്റി 20 ക്രിക്കറ്റില്‍ സമീപകാലത്ത് നിരാശപ്പെടുത്തുന്ന പ്രകടനമാണ് റിഷഭ് പന്ത് നടത്തിയിട്ടുള്ളത്. എന്നിട്ടും ട്വന്റി 20 ലോകകപ്പിനുള്ള സ്‌ക്വാഡില്‍ പന്ത് സ്ഥാനം പിടിച്ചിരിക്കുകയാണ്. പന്തിന് പകരം മലയാളി താരം സഞ്ജു സാംസണ്‍ സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ കൊണ്ടാണ് ഈ തീരുമാനം മാറിമറഞ്ഞത്.
ഇടംകയ്യന്‍ ബാറ്ററാണ് എന്നത് റിഷഭ് പന്തിന് മേല്‍ക്കൈ നല്‍കി. മറ്റൊരു ഇടംകയ്യന്‍ ബാറ്ററായ രവീന്ദ്ര ജഡേജ പരുക്കിനെ തുടര്‍ന്ന് ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇടംകയ്യന്‍ ബാറ്ററായ റിഷഭ് പന്തിനെ കൂടി ഒഴിവാക്കിയാല്‍ അത് തിരിച്ചടിയാകുമെന്ന തീരുമാനത്തിലേക്ക് സെലക്ടര്‍മാര്‍ എത്തിയത്. മറ്റ് ടീമുകളെ അപേക്ഷിച്ച് ഇന്ത്യയില്‍ നിലവില്‍ ഇടംകയ്യന്‍ ബാറ്റര്‍മാര്‍ കുറവാണ്. ഈ കുറവ് പരിഹരിക്കാന്‍ റിഷഭ് പന്തിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി. മധ്യനിരയില്‍ ആക്രമിച്ചു കളിക്കാന്‍ കെല്‍പ്പുള്ള ഒരു ഇടംകയ്യന്‍ ബാറ്റര്‍ വേണമെന്ന് സെലക്ടര്‍മാര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ളതും പന്തിന് തുണയായി. നേരത്തെ ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ പന്ത് മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിട്ടുണ്ട്. ഇതും പന്തിന് മേല്‍ക്കൈ നല്‍കുന്ന ഘടകമായി. ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരെല്ലാം ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ ഓസീസ് പേസര്‍മാര്‍ക്കെതിരെ ആക്രമിച്ച് കളിക്കുന്ന ശൈലിയായിരുന്നു പന്തിന്റേത്.