Who is Saurabh Netravalkar: ഇന്ത്യക്ക് വേണ്ടി അണ്ടര്‍ 19 ലോകകപ്പ് കളിച്ചു, ജോലിക്കായി നാടുവിട്ട നേത്രാവാല്‍ക്കര്‍ ഇപ്പോള്‍ യുഎസ്എയുടെ വിജയശില്‍പ്പി !

ക്രിക്കറ്റ് പാതിവഴിയില്‍ ഉപേക്ഷിച്ചു ഉന്നത പഠനത്തിനായി അമേരിക്കയിലെ കോര്‍ണെല്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തിയതാണ് നേത്രാവാല്‍ക്കര്‍

Saurabh Netravalkar
രേണുക വേണു| Last Modified വെള്ളി, 7 ജൂണ്‍ 2024 (10:59 IST)
Saurabh Netravalkar
Who is Saurabh Netravalkar: ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാനെ അട്ടിമറിച്ച യുഎസ്എയുടെ വിജയശില്‍പ്പികളില്‍ ഒരാളാണ് സൗരഭ് നരേശ് നേത്രാവാല്‍ക്കര്‍. സൂപ്പര്‍ ഓവറില്‍ 18 റണ്‍സ് പ്രതിരോധിക്കാന്‍ നിയോഗിക്കപ്പെട്ട നേത്രാവാല്‍ക്കര്‍ 13 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. മാത്രമല്ല നിശ്ചിത സമയ മത്സരത്തില്‍ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളാണ് നേത്രാവാല്‍ക്കര്‍ സ്വന്തമാക്കിയത്. ലോകകപ്പിലെ ആദ്യ അട്ടിമറിയില്‍ യുഎസ്എയ്ക്കു വേണ്ടി നിര്‍ണായകമായ പ്രകടനം കാഴ്ചവെച്ച നേത്രാവാല്‍ക്കര്‍ ഒരു ഇന്ത്യക്കാരന്‍ കൂടിയാണ്..!

2010 അണ്ടര്‍ 19 ലോകകപ്പില്‍ നേത്രാവാല്‍ക്കര്‍ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. മുംബൈയ്ക്കായി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചാണ് നേത്രാവാല്‍ക്കര്‍ അണ്ടര്‍ 19 ലോകകപ്പ് ടീമിലേക്ക് എത്തിയത്. ഇടംകൈയന്‍ പേസറായ നേത്രാവാല്‍ക്കറിനൊപ്പം അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ച കെ.എല്‍.രാഹുല്‍, മായങ്ക് അഗര്‍വാള്‍, ജയദേവ് ഉനദ്കട്ട് എന്നിവര്‍ പിന്നീട് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇടം പിടിച്ചു. നേത്രാവാല്‍ക്കറിനു മാത്രം ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം ലഭിച്ചില്ല.

ക്രിക്കറ്റ് പാതിവഴിയില്‍ ഉപേക്ഷിച്ചു ഉന്നത പഠനത്തിനായി അമേരിക്കയിലെ കോര്‍ണെല്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തിയതാണ് നേത്രാവാല്‍ക്കര്‍. ഇനി ക്രിക്കറ്റിലേക്ക് മടങ്ങി വരവ് ഉണ്ടാകില്ലെന്നാണ് അന്ന് നേത്രാവാല്‍ക്കര്‍ കരുതിയത്. പക്ഷേ താരത്തിന്റെ തലവിധി മറ്റൊന്നായിരുന്നു. പഠനത്തിനൊപ്പം ക്രിക്കറ്റ് കളിക്കാനുള്ള അവസരവും നേത്രാവാല്‍ക്കറിനു ലഭിച്ചു. കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്‌സ് സ്വന്തമാക്കിയ നേത്രാവാല്‍ക്കര്‍ യുഎസ്എയുടെ പാര്‍ട് ടൈം ക്രിക്കറ്ററായാണ് കളം പിടിച്ചത്. പിന്നീട് മികച്ച പ്രകടനങ്ങളിലൂടെ യുഎസ്എ ദേശീയ ടീമിലും ഇടം പിടിച്ചു.

കാലിഫോര്‍ണിയയിലെ ഒറാക്കിള്‍ കമ്പനിയില്‍ ജോലി ചെയ്യുന്നതിനൊപ്പം നേത്രാവാല്‍ക്കര്‍ ക്രിക്കറ്റ് സ്വപ്‌നവും മുന്നോട്ടു കൊണ്ടുപോയി. അമേരിക്കയുടെ ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായും നേത്രാവാല്‍ക്കര്‍ തിളങ്ങിയിട്ടുണ്ട്. 2018 ലാണ് നേത്രാവാല്‍ക്കര്‍ യുഎസ്എ ടീമില്‍ ഇടം പിടിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :