മിൽമ കണ്ടുപഠിക്കണം നന്ദിനിയുടെ മാർക്കറ്റിംഗ്, സ്കോട്ട്‌ലൻഡ്, അയർലൻഡ് ജേഴ്സികൾ സ്പോൺസർ ചെയ്യുന്നതിന് പിന്നിലെ ബുദ്ധി ചില്ലറയല്ല

Nandini dairy, Worldcup
അഭിറാം മനോഹർ| Last Modified വ്യാഴം, 6 ജൂണ്‍ 2024 (18:36 IST)
Nandini dairy, Worldcup
ടി20 ലോകകപ്പില്‍ കര്‍ണാടകയിലെ ക്ഷീര സഹകരണ സംഘമായ നന്ദിനി ഡയറീസ് സ്‌കോട്ട്ലന്‍ഡ്, അയര്‍ലന്‍ഡ് ടീമുകളുടെ ജേഴ്‌സി സ്‌പോണ്‍സര്‍ ചെയ്യുന്നുവെന്ന വാര്‍ത്ത അല്പം കൗതുകത്തോടെയാണ് ഇന്ത്യക്കാര്‍ കണ്ടിരുന്നത്. നമ്മുടെ മില്‍മ പോലെ ഒരു സംസ്ഥാനത്തെ സഹകരണ സംഘമായ
നന്ദിനി എന്തിന് ലോകകപ്പില്‍ രണ്ട് യൂറോപ്പ്യന്‍ ടീമുകളുടെ ജേഴ്‌സി സ്‌പോണ്‍സര്‍ ചെയ്യണമെന്ന തോന്നല്‍ നമ്മളില്‍ പലര്‍ക്കും വന്നിരിക്കാന്‍ ഇടയുണ്ട്. എന്നാല്‍ കര്‍ണാടകയില്‍ മാത്രമൊതുങ്ങുന്നതല്ല നന്ദിനിയുടെ മാര്‍ക്കറ്റ്.

കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ നന്ദിനി കേരളം,തെലങ്കാന,ആന്ധ്രാപ്രദേശ് എന്നിവ്ഇടങ്ങളില്‍ ലഭ്യമാണ്. നന്ദിനി മില്‍ക്കിന്റെ ചില ഉല്‍പ്പന്നങ്ങള്‍ മഹാരാഷ്ട്ര,ഗോവ,തമിഴ്നാട്,ആന്ധ്രാ മുതലായ സംസ്ഥാനങ്ങളിലും ലഭ്യമാണ്. നിലവില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഡയറി ബ്രാന്‍ഡായ അമൂലിനെ പോലെ നന്ദിനിയേയും വളര്‍ത്താനാണ് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ ഉദ്ദേശിക്കുന്നത്. ഒപ്പം അമേരിക്കയിലും നന്ദിനി തങ്ങളുടെ പുതിയ ഉത്പന്നം ലോഞ്ച് ചെയ്യാനൊരുങ്ങുകയാണ്.


ടി20 ലോകകപ്പ് ഇത്തവണ അമേരിക്കയിലാണ് നടക്കുന്നത് എന്നതിനാല്‍ തന്നെ 2 യൂറോപ്പ്യന്‍ ടീമുകളുടെ ജേഴ്‌സി സ്‌പോണ്‍സര്‍ ചെയ്യുന്നതോടെ എളുപ്പത്തില്‍ യുഎസില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ നന്ദിനിക്ക് സാധിക്കും. ഇന്ത്യന്‍ ജേഴ്‌സിയില്‍ ഇത്തരത്തില്‍ ബ്രാന്‍ഡ് അടയാളപ്പെടുത്താന്‍ കോടികള്‍ വേണ്ടിവരുമ്പോള്‍ താരതമ്യേന നിസാരമായ ഒരു തുകയ്ക്കായിരിക്കും സ്‌കോട്ട്ലന്‍ഡ്, അയര്‍ലന്‍ഡ് ജേഴ്‌സികള്‍ നന്ദിനി സ്‌പോണ്‍സര്‍ ചെയ്യുന്നത്. ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തിനിടെയില്‍ അയര്‍ലന്‍ഡ് ജേഴ്‌സിയിലെ നന്ദിനി ബ്രാന്‍ഡ് ശ്രദ്ധിച്ചവര്‍ ഏറെയായിരിക്കും.


ഇന്ത്യയില്‍ ഏറ്റവും ജനപ്രിയമായ കായികവിനോദം ക്രിക്കറ്റ് ആയതിനാല്‍ തന്നെ നന്ദിനിയുടെ ഈ ലോഗോ ഇന്ത്യക്കാര്‍ കൂടുതല്‍ കാണാന്‍ ലോകകപ്പിലെ ഒരൊറ്റ മത്സരം വഴി സാധ്യമാകും. ഇതുമൂലം ചുരുങ്ങിയ ചിലവില്‍ മാര്‍ക്കറ്റിംഗ് നടത്താനും നന്ദിനിക്ക് സാധിക്കും. ചുരുക്കത്തില്‍ കര്‍ണാടകയോട് ചേര്‍ന്ന സംസ്ഥാനങ്ങളില്‍ മാത്രം പരിചിതമായ ബ്രാന്‍ഡ് ഇന്ത്യയാകെ ചുരുങ്ങിയ ചിലവില്‍ പരസ്യം ചെയ്യാന്‍ ഈ ലോകകപ്പോടെ നന്ദിനിക്ക് സാധിക്കും. ഇതിനായി ചുരുങ്ങിയ മുതല്‍മുടക്ക് മാത്രമാണ് നന്ദിനി നടത്തുന്നത് എന്നതാണ് ശ്രദ്ധേയം. നമ്മുടെ മില്‍മയ്ക്കും നന്ദിനിയുടെ ഈ രീതി അനുകരിക്കാവുന്നതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :