ഐപിഎല്ലിലാണോ അതോ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പരിശീലനത്തിലോ? വാർണർക്കെതിരെ വിമർശനം

അഭിറാം മനോഹർ| Last Modified ഞായര്‍, 2 ഏപ്രില്‍ 2023 (10:55 IST)
ഇന്നലെ ലഖ്നൗ സൂപ്പർ ജയൻ്സിനെതിരെ നടന്ന മത്സരത്തിൽ 50 റൺസിൻ്റെ തോൽവിയാണ് ഡൽഹി ക്യാപ്പിറ്റൽസ് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത കെയ്ൽ മെയേഴ്സിൻ്റെ തകർപ്പൻ അർധസെഞ്ചുറിയുടെ കരുത്തിൽ 193 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് 143 റൺസ് മാത്രമെ എടുക്കാനായുള്ളു. അഞ്ച് വിക്കറ്റ് നേടികൊണ്ട് മാർക്ക് വുഡാണ് ഡൽഹി ബാറ്റിംഗ് നിരയെ തകർത്തത്.

4 ഓവറിൽ 40 റൺസ് നേടികൊണ്ട് ഡൽഹി നന്നായി തുടങ്ങിയെങ്കിലും മാർക്ക് വുഡിൻ്റെ വരവോടെ ഡൽഹി ബാറ്റിംഗ് നിര ചതഞ്ഞരഞ്ഞു. ആദ്യം പൃഥ്വി ഷായെ മടക്കിയ മാർക്ക് വുഡ് തൊട്ടടുത്ത പന്തിൽ മിച്ചൽ മാർഷിനെയും പറഞ്ഞുവിട്ടു. എന്നാൽ ഒരു വശത്ത് വിക്കറ്റുകൾ പോകുമ്പോഴും ഡൽഹി നായകൻ വാർണർ പിടിച്ചുനിന്നു. എന്നാൽ മത്സരത്തിൽ ഏകദിനശൈലിയിൽ ബാറ്റ് വീശിയ വാർണർ 48 പന്തിൽ നിന്നും 56 റൺസ് മാത്രമാണ് നേടിയത്. ഇതോടെ താരത്തിനെതിരായ പരിഹാസങ്ങളും ശക്തമായി.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള തയ്യാറെടുപ്പായാണ് വാർണർ മത്സരത്തെ കണ്ടതെന്നും ടെസ്റ്റ് മത്സരം കളിക്കുന്നത് പോലെയായിരുന്നു
വാർണർ കളിച്ചതെന്നും വിമർശകർ പറയുന്നു. അതേസമയം ലഖ്നൗവിൻ്റെ കൂറ്റൻ സ്കോർ പിന്തുടരുമ്പോൾ പരിചയസമ്പന്നനായ വാർണർ എന്താണ് ഉദ്ദേശിച്ചതെന്ന് അറിയാതെ പരുങ്ങുന്നവരും കുറവല്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :