രേണുക വേണു|
Last Modified ചൊവ്വ, 18 ജനുവരി 2022 (12:35 IST)
ടെസ്റ്റ് നായക സ്ഥാനം ഒഴിയുകയാണെന്ന് വിരാട് കോലി സഹതാരങ്ങളെ അറിയിച്ചത് ഏറെ വൈകാരികമായി. ഇന്ത്യ-ദക്ഷിണാഫ്രിക്ക പര്യടനത്തിലെ മൂന്നാം ടെസ്റ്റിന് ശേഷമുള്ള ടീം മീറ്റിങ്ങില്‍ തന്നെ ടെസ്റ്റ് നായക പദവി താന്‍ ഒഴിയുകയാണെന്ന് കോലി സഹതാരങ്ങളോട് പറഞ്ഞു. 'ഞാന്‍ പടിയിറങ്ങുന്നു, എല്ലാവര്‍ക്കും നന്ദി' എന്ന് പരിമിതമായ വാക്കുകളില്‍ കോലി സഹതാരങ്ങളോട് യാത്ര പറഞ്ഞു. ഡ്രസിങ് റൂമില്‍വച്ചായിരുന്നു സംഭവം. ഇത് കേട്ട പല താരങ്ങളും ഞെട്ടി. കോലി ഇങ്ങനെയൊരു തീരുമാനമെടുക്കുമെന്ന് പലരും കരുതിയിരുന്നില്ല. കോലി രാജിക്കാര്യം പറഞ്ഞതിനു പിന്നാലെ ഓരോ താരങ്ങളും കോലിയുടെ അടുത്തെത്തി ആശംസകള്‍ നേര്‍ന്നു. തങ്ങളെ ഇത്രനാള്‍ നയിച്ചതിനു കോലിയോട് സഹതാരങ്ങള്‍ നന്ദി പറഞ്ഞു. ഇതിനെല്ലാം ശേഷമാണ് ബിസിസിഐ കോലിയുടെ രാജിക്കാര്യം അറിയുന്നത്.