രേണുക വേണു|
Last Updated:
ഞായര്‍, 16 ജനുവരി 2022 (15:03 IST)
ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍സി ഒഴിയാന്‍ വിരാട് കോലി നേരത്തെ തീരുമാനിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഏകദിന നായകസ്ഥാനത്തു നിന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ ബിസിസിഐ തന്നെ നീക്കിയത് കോലിയെ മാനസികമായി തളര്‍ത്തിയിരുന്നു. ടീമില്‍ അപമാനിതനായി എന്നാണ് കോലിക്ക് തോന്നിയത്. ഇതോടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു ശേഷം ടെസ്റ്റ് നായകപദവി കൂടി ഒഴിയാന്‍ കോലി തീരുമാനിക്കുകയായിരുന്നു.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു മുന്‍പ് കോലി നടത്തിയ പത്രസമ്മേളനവും അതില്‍ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയെ തള്ളി നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു. രണ്ടും കല്‍പ്പിച്ചാണ് കോലി അന്ന് മാധ്യമങ്ങളോട് സംസാരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആ വാര്‍ത്താസമ്മേളനത്തിനു മുന്‍പ് തന്നെ ടെസ്റ്റ് നായകപദവി ഒഴിയാന്‍ കോലി തീരുമാനിച്ചിരുന്നു.
ടീം അംഗങ്ങള്‍ക്കിടയില്‍ നിന്ന് തനിക്കുള്ള പിന്തുണ നഷ്ടപ്പെട്ടതായും കോലിക്ക് തോന്നി. ട്വന്റി 20, ഏകദിന നായകനായി രോഹിത് ശര്‍മ വന്നതോടെ പല താരങ്ങളും രോഹിത് പാളയത്തിലേക്ക് പോകുകയും കോലിയോട് വലിയ അടുപ്പം കാണിക്കാതിരിക്കുകയും ചെയ്തു. ഇതും താരത്തെ മാനസികമായി തളര്‍ത്തി. ടീം അംഗങ്ങളുടെ പിന്തുണയില്ലാതെ നായകസ്ഥാനത്ത് തുടരേണ്ടതില്ലെന്ന് കോലി തീരുമാനിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടിയാലും നായകസ്ഥാനം ഒഴിയാന്‍ കോലി തയ്യാറായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.