രേണുക വേണു|
Last Modified തിങ്കള്‍, 13 നവംബര്‍ 2023 (08:16 IST)
പ്രധാന ബൗളര്‍മാര്‍ക്ക് ഒരു ഓഫ് ഡേ വന്നാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിരേന്ദര്‍ സെവാഗ്, യുവരാജ് സിങ് എന്നിവരെല്ലാം പന്ത് കൈകളിലെടുത്ത് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. വിശ്വസിച്ചു ബൗളിങ് നല്‍കാന്‍ കഴിയുന്ന ബാറ്റിങ് ഓള്‍റൗണ്ടര്‍മാര്‍ക്ക് ഇന്ത്യയില്‍ ഒരു ക്ഷാമവും ഇല്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അതല്ല അവസ്ഥ. കൃത്യം അഞ്ച് ബൗളര്‍മാരെ വെച്ച് കളിക്കുമ്പോള്‍ പോലും ഏതെങ്കിലും ഒരു ബാറ്ററെ ആറാം ബൗളിങ് ഓപ്ഷനായി പോലും പരിഗണിക്കാന്‍ പറ്റാത്ത അവസ്ഥ. എന്നാല്‍ ഒടുവില്‍ അത് സംഭവിച്ചു, ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി ഒന്‍പത് പേര്‍ പന്തെറിഞ്ഞു.
വിരാട് കോലി, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ എന്നിവരെല്ലാം ഒരു ബൗളറുടെ ചുമതല കൂടി വഹിച്ചു. കോലി മൂന്ന് ഓവറില്‍ 13 റണ്‍സ് ഒരു വിക്കറ്റ് വീഴ്ത്തി. രോഹിത് ശര്‍മ അഞ്ച് പന്തുകള്‍ മാത്രമാണ് എറിഞ്ഞത്. അപ്പോഴേക്കും നെതര്‍ലന്‍ഡ്‌സ് ഓള്‍ഔട്ടായി. 0.5 ഓവറില്‍ ഏഴ് റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് രോഹിത് സ്വന്തമാക്കിയത്. ശുഭ്മാന്‍ ഗില്‍ രണ്ട് ഓവറില്‍ 11 റണ്‍സും സൂര്യകുമാര്‍ രണ്ട് ഓവറില്‍ 17 റണ്‍സും വിട്ടുനല്‍കി.
വിക്കറ്റ് കീപ്പര്‍ കെ.എല്‍.രാഹുലും മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരും ഒഴികെ ഇന്ത്യക്കായി എല്ലാ താരങ്ങളും പന്തെറിഞ്ഞു. ആറാം ബൗളിങ് ഓപ്ഷന്‍ എന്ന നിലയില്‍ ആരെ വേണമെങ്കിലും ഉപയോഗിക്കാം എന്ന ആശ്വാസമാണ് ടീം ഇന്ത്യക്ക് ഇപ്പോള്‍ ഉള്ളത്.