അഭിറാം മനോഹർ|
Last Modified വെള്ളി, 10 ഫെബ്രുവരി 2023 (15:22 IST)
ഏറെ നാളായുള്ള തൻ്റെ സെഞ്ചുറി വരൾച്ചയ്ക്ക് അറുതി കുറിച്ച് കഴിഞ്ഞ വർഷമാണ് വിരാട് കോലി തൻ്റെ സ്വതസിദ്ധമായ ബാറ്റിംഗിലേക്ക് മടങ്ങിയെത്തിയത്. ആദ്യം ടി20യിൽ തൻ്റെ സെഞ്ചുറി കുറിച്ച കോലി ഏകദിനത്തിലും സെഞ്ചുറി പ്രകടനങ്ങൾ നടത്തികൊണ്ട് തിരിച്ചുവന്നു. ടെസ്റ്റിൽ ഓസ്ട്രേലിയൻ പരമ്പരയിൽ ഫോമിലേക്കുയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷയെങ്കിലും ആദ്യ ടെസ്റ്റ് മത്സരത്തിൽ ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ് കോലി.
26 പന്തിൽ 12 റൺസ് നേടിയ കോലി അരങ്ങേറ്റക്കാരനായ സ്പിന്നർ ടോഡ് മർഫിയുടെ പന്തിലാണ് പുറത്തായത്. മോശം ഷോട്ട് സെലക്ഷനാണ് വിക്കറ്റ് നഷ്ടമാവാൻ കാരണമായത്. സമീപകാലത്തായി സ്പിൻ ബൗളിങ്ങിനെതിരായ മോശം പ്രകടനം കോലി തുടരുകയായിരുന്നു. 2022 മുതലുള്ള കണക്കുകൾ എടുത്താൽ ഒരു 12 ഇന്നിങ്ങ്സുകളിൽ ഒരു തവണ മാത്രമാണ് കോലിക്ക് അർധസെഞ്ചുറിക്ക് മുകളിൽ സ്കോർ ചെയ്യാനായിട്ടുള്ളത്. 79*,29,45,23,13,11,20,1,19*,24,1,12 എന്നിങ്ങനെയാണ് താരത്തിൻ്റെ കഴിഞ്ഞ വർഷത്തെ സ്കോറുകൾ.
പരിമിത ഓവർ ക്രിക്കറ്റിലേത് പോലെ ടെസ്റ്റിലും കോലി ശക്തമായി മടങ്ങിവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 3 ടെസ്റ്റുകൾ ഇനിയും ബാക്കിനിൽക്കുന്നുവെന്നതും മറ്റ് ഫോർമാറ്റിലെ മികച്ച ഫോം കോലിയെ പോലൊരു താരത്തിന് ടെസ്റ്റിലേക്കും പകർത്താനാകുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നു.