അഭിറാം മനോഹർ|
Last Modified ബുധന്‍, 19 ജൂലൈ 2023 (13:02 IST)
ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ വിരാട് കോലിയുടെയും നായകന്‍ രോഹിത് ശര്‍മയുടെയും
ടി20 ക്രിക്കറ്റിലെ ഭാവിയെ പറ്റിയുള്ള നിര്‍ണായകമായ തീരുമാനങ്ങള്‍ അടുത്ത് തന്നെ സംഭവിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനെ സംബന്ധിച്ച നിര്‍ണായകമായ ചര്‍ച്ചകള്‍ വെസ്റ്റിന്‍ഡീസ് പര്യടനത്തിനിടെ നിലവിലെ ചീഫ് സെലക്ടറായ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സീനിയര്‍ താരങ്ങളുമായി വിന്‍ഡീസ് പര്യടനത്തിനിടെ അഗാര്‍ക്കര്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന. ഇതോടെ ടി20 ടീമിലെ ഇരുവരുടെയും ഭാവിയെ പറ്റി തീരുമാനം ഉണ്ടായേക്കും. നിലവില്‍ ഏറെ നാളുകളായി ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ഇന്ത്യ ടി20 കളിക്കുന്നത്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെയാണ് അഗാര്‍ക്കര്‍ നിര്‍ണായകമായ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഇരുവരോടും ടെസ്റ്റിലും ഏകദിനത്തിലുമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അഗാര്‍ക്കര്‍ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ടി20 ലോകകപ്പില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ടീമിനെ നയിക്കട്ടെ എന്ന അഭിപ്രായമാണ് ബിസിസിഐയ്ക്കുള്ളത്. ഈ സാഹചര്യത്തിലാണ് ടീമിലെ സീനിയര്‍ താരങ്ങളുമായി അഗാര്‍ക്കര്‍ നിര്‍ണായകമായ കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്.