രോഹിത്തിനെ മാത്രം തിരഞ്ഞുപിടിച്ചു ആക്രമിക്കുന്നത് അന്യായം, രോഹിത് മികച്ച നായകൻ: ഹർഭജൻ സിംഗ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 11 ജൂലൈ 2023 (17:12 IST)
2013ന് ശേഷം ഐസിസി കിരീടങ്ങള്‍ ഒന്നും നേടാനാവാത്ത സാഹചര്യത്തില്‍ വലിയ വിമര്‍ശനമാണ് ഇന്ത്യന്‍ ടീം നേരിടുന്നത്. 2023ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കൂടി ഇന്ത്യ പരാജയമായതോടെയാണ് വലിയ രീതിയില്‍ ഇന്ത്യ വിമര്‍ശനം നേരിടുന്നത്. ഇതോടെ രോഹിത് ശര്‍മയുടെ നായകത്വത്തെയും പലരും ചോദ്യം ചെയ്യുന്നുണ്ട്. ഐപിഎല്ലില്‍ 5 കിരീടനേട്ടങ്ങള്‍ സ്വന്തമാക്കിയ രോഹിത്തിന് ഇന്ത്യന്‍ ജേഴ്‌സിയില്‍ ഇതുവരെ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാനായിട്ടില്ല. ഇതോടെ ഇന്ത്യന്‍ ജേഴ്‌സിയില്‍ രോഹിത് കനത്ത പരാജയമാണെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ഹര്‍ഭജന്‍ സിംഗ്.

ഞാന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം കളിച്ചിട്ടുള്ള താരമാണ്. രോഹിത് ഇതിലേറെ ബഹുമാനം അര്‍ഹിക്കുന്നു എന്നതാണ് സത്യം. മുള്‍ മുനയില്‍ നിര്‍ത്തി ആക്രമിക്കുന്നതിന് പകരം രോഹിത്തില്‍ വിശ്വാസം അര്‍പ്പിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. രോഹിത്തിനെ ഒരുവിഭാഗം ആളുകള്‍ പരിധിവിട്ട് വിമര്‍ശിക്കുന്നു. ക്രിക്കറ്റ് എന്നത് ഒരു ഗെയിമാണ് ഒരു വ്യക്തിക്ക് അവിടെ ഒരു ടീമിനെ മറ്റൊരു തരത്തില്‍ ഉയര്‍ത്താനാകില്ല. നിങ്ങള്‍ക്ക് അയാളുടെ പ്രകടനത്തെ പറ്റി ചര്‍ച്ചചെയ്യാം മുന്നോട്ട് പോകാം. എന്നാല്‍ റണ്‍സ് കണ്ടെത്തുന്നില്ല, നന്നായി നയിക്കുന്നില്ല എന്നെല്ലാം പറഞ്ഞ് രോഹിത്തിനെ മാത്രം തിരെഞ്ഞുപിടിച്ചു അക്രമിക്കുന്നത് അനീതിയാണ്. എന്റെ അഭിപ്രായത്തില്‍ രോഹിത് മികച്ച നായകനാണ് ഹര്‍ഭജന്‍ പറയുന്നു.

രോഹിത്തിന്റെ നായകത്വത്തിന് കീഴില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും തോറ്റതോടെയാണ് താരത്തിനെതിരായ വിമര്‍ശനവും ശക്തമായത്. വിന്‍ഡീസിനെതിരായ ഏകദിന ടെസ്റ്റ് ടി20 പരമ്പരകളാണ് ഇന്ത്യയ്ക്ക് മുന്നില്‍ ഇനിയുള്ളത്. രോഹിത് ശര്‍മയാണ് ഏകദിന, ടെസ്റ്റ് ടീമുകളെ ഇന്ത്യയ്ക്കായി നയിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :