അഭിറാം മനോഹർ|
Last Modified ചൊവ്വ, 29 ഓഗസ്റ്റ് 2023 (21:41 IST)
2011ലെ ലോകകപ്പ് കിരീടനേട്ടം എത്രത്തോളം മഹത്തരമാണെന്ന് അന്ന് കിരീടം സ്വന്തമാക്കുമ്പോള്‍ അറിയില്ലായിരുന്നുവെന്ന് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. അന്നെനിക്ക് 23 വയസ് മാത്രമാണ് പ്രായം. ഏറെ ലോകകപ്പുകള്‍ കളിച്ചതിന് ശേഷമാണ് അന്നത്തെ സീനിയര്‍ താരങ്ങളെ സംബന്ധിച്ചിടത്തോളം 2011ലെ കിരീടനേട്ടത്തിന്റെ പ്രധാന്യം ഞാന്‍ മനസിലാക്കിയത്. വീണ്ടുമൊരു ലോകകപ്പിന് വേദിയൊരുങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കോലി പറഞ്ഞു.
1983ലെ ലോകകപ്പ് വിജയത്തിന് ശേഷമായിരുന്നു 2011ലെ ലോകകപ്പ് ഇന്ത്യനേടുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പടെയുള്ള ഇതിഹാസതാരങ്ങളുടെ ഏറ്റവും വലിയ നേട്ടമായിരുന്നു ഈ കിരീടനേട്ടം. ഇതുവരെ തന്റെ കരിയറില്‍ ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച നേട്ടമാണ് ഇതെന്ന് കോലി പറയുന്നു. അന്നെനിക്ക് 23 വയസ് മാത്രമാണ് പ്രായം. അതിനാല്‍ തന്നെ ലോകകപ്പ് നേട്ടത്തിന്റെ മഹത്വം കൃത്യമായി അന്ന് മനസിലാക്കിയിട്ടുണ്ടായിരുന്നില്ല.
ഇപ്പോളെനിക്ക് 34 വയസ്സായി. 2011ന് ശേഷം ഏറെ ലോകകപ്പുകള്‍ കളിക്കുകയും എന്നാല്‍ കിരീടം നേടാന്‍ കഴിയാതെ വരികയും ചെയ്തപ്പോഴാണ് അന്നത്തെ ലോകകപ്പ് നേട്ടം സീനിയര്‍ താരങ്ങളെ സംബന്ധിച്ചിടത്തോളം എത്രമാത്രം വൈകാരികമാണെന്ന് മനസിലാക്കിയത്. പ്രത്യേകിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക്. അദ്ദേഹത്തിന്റെ അവസാന ലോകകപ്പായിരുന്നു അത്. സ്വന്തം കാണികള്‍ക്ക് മുന്‍പ് മുംബൈയില്‍ ലോകകപ്പ് നേടാന്‍ അദ്ദേഹത്തിനായി എന്നത് പ്രത്യേക മുഹൂര്‍ത്തമാണ്.അന്ന് 2011ലെ ലോകകപ്പില്‍ സീനിയര്‍ താരങ്ങള്‍ക്ക് മേലെ വലിയ സമ്മര്‍ദ്ദമാണ് ഉണ്ടായിരുന്നത്. ലോകകപ്പ് നേടണമെന്ന ആവശ്യം മാത്രമാണ് ആരാധകര്‍ക്കുണ്ടായിരുന്നത്. അന്ന് ഇത്രത്തോളം സമൂഹമാധ്യമങ്ങളുടെ സ്വാധീനം ഇല്ലാത്തത് വലിയ അനുഗ്രഹമായി. കോലി പറഞ്ഞു