2019ന് ശേഷം ബാറ്റിംഗ് ശരാശരി കുറഞ്ഞു എന്നത് സത്യം, എന്നാൽ ബാറ്റിംഗ് ആവറേജും സ്ട്രൈക്ക്റേറ്റും ഒരേസമയം വേണമെന്ന് വാശിപ്പിടിക്കനാവില്ല: രോഹിത് ശർമ

അഭിറാം മനോഹർ| Last Modified ചൊവ്വ, 29 ഓഗസ്റ്റ് 2023 (20:18 IST)
പരിമിത ഓവര്‍ ക്രിക്കറ്റില്‍ വലിയ ഇന്നിങ്ങ്‌സുകള്‍ തുടര്‍ച്ചയായി കളിച്ച് ശ്രദ്ധനേടിയ താരമാണ് ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ. 2019 അവസാനിക്കുമ്പോള്‍ 27 സെഞ്ചുറികള്‍ ഏകദിനത്തില്‍ താരത്തിനുണ്ടായിരുന്നുവെങ്കില്‍ 2019ന് ശേഷം 3 സെഞ്ചുറികള്‍ മാത്രമാണ് രോഹിത്തിന് നേടാനായിട്ടുള്ളത്. കൂടുതല്‍ റിസ്‌കുള്ള ശൈലിയിലേക്ക് ബാറ്റിംഗ് മാറ്റിയതാണ് ഇതിന് കാരണമെന്ന് രോഹിത് ശര്‍മ പറയുന്നു.

എനിക്ക് കൂടുതല്‍ റിസ്‌ക് എടുത്ത് കളിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്റെ ബാറ്റിംഗ് ശരാശരിയില്‍ കാണുന്ന മാറ്റത്തിന് ഇതൊരു കാരണമാണ്. 2019 മുതല്‍ ഏകദിനത്തിലെ എന്റെ സ്ട്രൈക്ക് റേറ്റ് മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഏകദിനത്തിലെ ബാറ്റിംഗ് ശരാശരി കുറയുകയും ചെയ്തു. ഇത് കൃത്യമായും ഞാന്‍ എന്റെ ശൈലിയില്‍ വരുത്തിയ മാറ്റം കാരണമാണ്. നമ്മള്‍ ഒരു കാര്യം മെച്ചപ്പെടുത്തുമ്പോള്‍ മറ്റൊന്ന് കോമ്പ്രമൈസ് ചെയ്യേണ്ടതായി വരും. എന്റെ കരിയറില്‍ 90നടുത്ത് സ്ട്രൈക്ക് റേറ്റിലാണ് ഞാന്‍ കളിച്ചിടുള്ളത്. എന്നാല്‍ ഇന്നത് 105-110 എന്ന രീതിയിലേക്ക് മാറി. നിങ്ങള്‍ക്ക് ഈ സ്ട്രൈക്ക്റേറ്റും 55 എന്ന ബാറ്റിംഗ് ശരാശരിയും ഒന്നിച്ച് കൊണ്ടുപോകാനാവില്ല.

ഈയൊരു മാറ്റം എന്റെ സ്വന്തം തീരുമാനമായിരുന്നു. പുതിയതായി എന്തെങ്കിലും ചെയ്യണമെന്ന എന്റെ ആഗ്രഹം കാരണമാണ് ഇത് സംഭവിച്ചത്. ഞാന്‍ ഇതുവരെ ചെയ്യാത്തത് എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു. ഞാന്‍ കൂടുതല്‍ റിസ്‌ക് ഉള്ള ശൈലിയില്‍ കളിക്കുമ്പോള്‍ പുറത്താകാനുള്ള സാധ്യതയും അധികമാണ്. പക്ഷേ ഞാന്‍ ഇങ്ങനെയാണ് കളിക്കാന്‍ ആഗ്രഹിക്കുന്നത്. അക്കാര്യം ഞാന്‍ മാനേജ്‌മെന്റിനോടും വ്യക്തമാക്കിയിട്ടുള്ളതാണ്. രോഹിത് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :