'നായകസ്ഥാനം ഒഴിയാന്‍ തയ്യാര്‍'; കോലി കടുത്ത തീരുമാനത്തിലേക്ക്

രേണുക വേണു| Last Modified ബുധന്‍, 3 നവം‌ബര്‍ 2021 (13:42 IST)

ടി 20 ലോകകപ്പിലെ മോശം പ്രകടനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് കടുത്ത നിരാശ. ലോകകപ്പിനു ശേഷം ടി 20 ഫോര്‍മാറ്റിലെ നായകസ്ഥാനം ഒഴിയുമെന്ന് കോലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ലോകകപ്പിലെ മോശം പ്രകടനം കോലിയെ കൂടുതല്‍ കടുത്ത തീരമാനങ്ങളെടുക്കാന്‍ പ്രേരിപ്പിക്കുന്നതായാണ് ഇന്ത്യന്‍ ക്യാംപില്‍ നിന്നു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഏകദിന നായകസ്ഥാനവും ഒഴിയാന്‍ കോലി സന്നദ്ധത അറിയിച്ചതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കോലിയുടെ ഏകദിന നായക ഭാവി ബിസിസിഐ ചര്‍ച്ച ചെയ്യും. നായകസ്ഥാനത്ത് കടിച്ചുതൂങ്ങി നില്‍ക്കാന്‍ താല്‍പര്യമില്ലെന്നും ബിസിസിഐ ആവശ്യപ്പെടുകയാണെങ്കില്‍ നായകസ്ഥാനം ഒഴിയാമെന്നുമാണ് കോലിയുടെ നിലപാട്.

ഈ വര്‍ഷം ഏകദിന ഫോര്‍മാറ്റില്‍ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യക്ക് ശേഷിക്കുന്നത്. 2023 ഏകദിന ലോകകപ്പിലേക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാനിരിക്കുകയാണ് ഇന്ത്യന്‍ ക്യാംപ്. അടുത്ത ലോകകപ്പ് മുന്നില്‍കണ്ട് ഏകദിന ടീമിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ബിസിസിഐ ആലോചിക്കുന്നുണ്ട്. പുതിയ നായകന്റെ കീഴിലായിരിക്കും ഇന്ത്യ ഏകദിന ലോകകപ്പ് കളിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :