അഭിറാം മനോഹർ|
Last Modified തിങ്കള്‍, 1 നവംബര്‍ 2021 (18:47 IST)
ടി20 ലോകകപ്പിൽ ന്യൂസിലൻഡിന് എതിരായ തോൽവിക്ക് ശേഷമുള്ള ഇന്ത്യൻ നായകൻ വിരാട് കോലിയുടെ പ്രതികരണത്തിനെതിരെ ഇതിഹാസ താരം കപിൽ ദേവ്. വളരെ ദുർബലമായ പ്രതികരണമാണ് കോലി നടത്തിയതെന്നാണ് കപിലിന്റെ നിരീക്ഷണം.
കോലിയെ പോലൊരു വലിയ താരത്തിൽ നിന്ന് വളരെ ദുർബലമായ പ്രസ്‌താവനയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇത്തരത്തിലാണ് ടീമിന്റെ ശരീരഭാഷയും നായകന്റെ ചിന്തയുമെങ്കില്‍ തിരിച്ചുവരവ് വളരെ ബുദ്ധിമുട്ടാകും. കോലിയുടെ വാക്കുകള്‍ എനിക്ക് വിചിത്രമായി തോന്നി. കോലി അത്തരമൊരു താരമല്ല. അയാളൊരു പോരാളിയാണ്. ധൈര്യമില്ലായിരുന്നു എന്ന് ഒരു നായകൻ പറയാൻ പാടില്ല. നിങ്ങൾ രാജ്യത്തിന് വേണ്ടി അഭിനിവേശത്തോടെ കളിക്കുന്നയാളാണ് അതിനാല്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ ചൂണ്ടിക്കാണിക്കപ്പെടും.
ഐപിഎല്‍ കളിച്ച അതിന് ശേഷം പരിശീലനം നടത്തിയ ടീം ഇത്തരം മോശം പ്രകടനങ്ങള്‍ നടത്തിയാല്‍ വിമര്‍ശനങ്ങളുണ്ടാകും. പ്രതീക്ഷിച്ച പ്രകടനമല്ല ടീമില്‍ നിന്നുണ്ടായത്. പോരാടി തോറ്റാൽ നമുക്ക് മനസിലാക്കാം. എന്നാൽ സന്തോഷം നൽകുന്ന ഒരു വ്യക്തിഗത പ്രകടനം പോലും ന്യൂസിലൻഡിനെതിരെയുണ്ടായില്ലെന്നും കപിൽ കൂട്ടിച്ചേർത്തു.