സിംഗിള്‍ എടുക്കാന്‍ പോലും അനുവദിച്ചില്ല, കോലിയുടെ ഈഗോ വച്ച് ന്യൂസിലന്‍ഡ് കളിച്ചു: ഹര്‍ഭജന്‍ സിങ്

രേണുക വേണു| Last Modified തിങ്കള്‍, 1 നവം‌ബര്‍ 2021 (11:15 IST)

വിരാട് കോലിയുടെ ഈഗോ വച്ചാണ് ന്യൂസിലന്‍ഡ് കളിച്ചതെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. 17 പന്തില്‍ നിന്ന് വെറും ഒന്‍പത് റണ്‍സുമായാണ് കോലി പുറത്തായത്. സിംഗിള്‍ പോലും എടുക്കാന്‍ കോലിയെ ന്യൂസിലന്‍ഡ് അനുവദിച്ചില്ലെന്നും അതുകൊണ്ടാണ് സാധാരണ രീതിയില്‍ കളിക്കാത്ത ഷോട്ടിനായി ശ്രമിച്ച് കോലി പുറത്തായതെന്നും ഹര്‍ഭജന്‍ പറഞ്ഞു.

നാലാം നമ്പറിലാണ് കോലി ബാറ്റ് ചെയ്യാനെത്തിയത്. കിവീസ് സ്പിന്നര്‍മാരെ കളിക്കാന്‍ കോലി കഷ്ടപ്പെടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മാനസികമായി കോലിയെ തളര്‍ത്തി വിക്കറ്റ് വീഴ്ത്തുകയാണ് ന്യൂസിലന്‍ഡ് ചെയ്തതെന്ന് ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി.

'സിംഗിള്‍സ് പോലും എടുക്കാന്‍ അവര്‍ അനുവദിച്ചില്ല. റണ്‍സ് കണ്ടെത്താന്‍ കഴിയാതെ വന്നതോടെ കോലി പ്രതിരോധത്തിലായി. കോലിയെ കൊണ്ട് സിംഗിള്‍ പോലും എടുപ്പിക്കാതിരിക്കാന്‍ കിവീസ് ഫീല്‍ഡ് സെറ്റ് ചെയ്തു. മാനസികമായി സമ്മര്‍ദത്തിലായതോടെയാണ് കോലി അങ്ങനെയൊരു ഷോട്ട് കളിക്കാന്‍ നിര്‍ബന്ധിതനായത്. അത്തരം ഷോട്ടുകള്‍ അദ്ദേഹം പൊതുവെ കളിക്കാറില്ല,' ഹര്‍ഭജന്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :