‘എന്നോട് ബഹുമാനമില്ലാത്തവരെ ഞാനെന്തിന് ബഹുമാനിക്കണം‘

മെല്‍ബണ്‍| VISHNU.NL| Last Modified തിങ്കള്‍, 29 ഡിസം‌ബര്‍ 2014 (12:53 IST)
ഇത് ചോദിച്ചത് ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോലിയാണ്. ഓസ്ട്രേലിയന്‍ താരങ്ങളുടെ അഹങ്കാരത്തൊടെയുള്ള സമീപനമാണ് കോ‌ഹ്‌ലിയേക്കൊണ്ട് ഇങ്ങനെ പറയിച്ചത്. ഓസ്‌ട്രേലിയന്‍ ടീമിലെ ചിലരോട് തനിക്ക് ബഹുമാനമുണ്ട്. മറ്റു ചിലരോട് അതില്ല. കോ‌ഹ്‌ലി വ്യക്തമാക്കി. ഓസ്‌ട്രേലിയ-മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം ഇന്ത്യയുടെ വിരാട് കോലിയും ഓസ്‌ട്രേലിയയുടെ പേസ് ബൗളര്‍ മിച്ചല്‍ ജോണ്‍സണും കളിക്കളത്തില്‍ വച്ച് വക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനേ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴാണ് കോഹ്ലി ഇത്തരത്തില്‍ തുറന്നടിച്ചത്.

അഡലയ്ഡില്‍ ചില സംസാരങ്ങളുണ്ടായപ്പോള്‍ ജോണ്‍സണെ ബഹുമാനിക്കേണ്ടതില്ലെന്ന് അവര്‍ പറഞ്ഞു. ഞാനത് ആഗ്രഹിക്കുന്നുമില്ല. ക്രിക്കറ്റ് കളിക്കാനാണ് ഞാന്‍ വന്നത് ആരുടേയും ആദരവ് പിടിച്ചുപറ്റാനല്ല. റണ്‍സ് നേടാന്‍ കഴിയുന്ന കാലത്തോളം സന്തോഷവാനായിരിക്കും ഞാന്‍. നിങ്ങള്‍ക്ക് അത് ഇഷ്ടപ്പെടുന്നെങ്കില്‍ നല്ലത്. ഇല്ലെങ്കില്‍, ഞാനത് കാര്യമാക്കുന്നില്ല. ഓസ്‌ട്രേലിയന്‍ ടീമില്‍ ചിലരോട് സൗഹൃദ സല്ലാപങ്ങള്‍ നടത്താറുണ്ട് ഞാന്‍. വായില്‍ വരുന്നതൊക്കെ വിളിച്ചു പറയുന്ന മറ്റു ചിലരെ ബഹുമാനിക്കേണ്ട കാര്യം എനിക്കില്ല. കോലി തന്റെ നയം വ്യക്തമാക്കി.

ബാറ്റുചെയ്യുന്നതിനിടെ ഓസീസ് ബൗളര്‍ മിച്ചല്‍ ജോണ്‍സന്റെ ഏറ് ശരീരത്തില്‍ കൊണ്ടതാണ് കോലിയെ പ്രകോപിപ്പിച്ചത്. ജോണ്‍സന്റെ പന്ത് കളിച്ച് കോലി മുന്നോട്ടാഞ്ഞപ്പോള്‍ ജോണ്‍സണ്‍ പന്തെടുത്ത് സ്റ്റംപിനുനേരേ എറിഞ്ഞു. പന്ത് കോലിയുടെ ശരീരത്തിലാണ് കൊണ്ടത്. ജോണ്‍സണ്‍ ബോധപൂര്‍വം തന്നെ എറിയുകയായിരുന്നുവെന്ന് ആരോപിച്ച് കോലി ബൗളറുമായി തര്‍ക്കിക്കുകയും ചെയ്തു. ഒടുവില്‍ അമ്പയര്‍ ഇടപെട്ടാണ് തര്‍ക്കം അവസാനിപ്പിച്ചത്. മത്സരത്തിനിടെ ഇടക്കിടെ ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും കളിക്കാര്‍ തമ്മില്‍ വാക്തര്‍ക്കം ഉണ്ടായിരുന്നു.

'അദ്ദേഹം എന്നെ പന്തുകൊണ്ടെറിഞ്ഞപ്പോള്‍ എനിക്ക് ശല്യമായി. അത് ശരിയല്ലെന്നും എന്റെ ശരീരത്തിനു പകരം അടുത്ത തവണ സ്റ്റംപുകളില്‍ എറിഞ്ഞു കൊള്ളിക്കാന്‍ ഞാന്‍ പറഞ്ഞു, അനാവശ്യമായി ഞാനൊന്നും പറഞ്ഞിട്ടില്ല. ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ വേണ്ടിയാണ് വന്നത്. എന്നോട് ബഹുമാനമില്ലാത്തവരെ ഞാനെന്തിന് ബഹുമാനിക്കണം. കോഹ്‌ലി ചോദിക്കുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :