രചിൻ രവീന്ദ്ര മുതൽ ട്രാവിസ് ഹെഡ് വരെ, ആരായിരിക്കും ഐപിഎൽ 2024ലെ വിലയേറിയ താരം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (20:16 IST)
അടുത്തവര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ക്കായുള്ള താരലേലം നാളെ യുഎഇയില്‍ നടക്കാനിരിക്കുകയാണ്. ഏകദിന ലോകകപ്പ് മത്സരങ്ങള്‍ കഴിഞ്ഞ് ഒരു മാസത്തിന് ശേഷം നടക്കുന്ന ഐപിഎല്‍ താരലേലത്തില്‍ ഇക്കഴിഞ്ഞ ലോകകപ്പില്‍ തിളങ്ങിയ താരങ്ങള്‍ക്ക് വമ്പന്‍ വില കിട്ടുമെന്ന് ഉറപ്പാണ്. 2024ലെ ഐപിഎല്‍ താരലേലത്തില്‍ ഉയര്‍ന്ന വില പ്രതീക്ഷിക്കുന്ന കളിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

ഇത്തവണത്തെ താരലേലത്തില്‍ 10 ഐപിഎല്‍ ടീമുകള്‍ക്കുമായി മൊത്തത്തില്‍ 262.95 കോടി രൂപയാണ് ബാക്കിയുള്ളത്. ഇതില്‍ തന്നെ ലോകചാമ്പ്യന്മാരായ ഓസീസ് ടീമിലെ താരങ്ങള്‍ക്ക് തന്നെയായിരിക്കും ഐപിഎല്‍ 2024 സീസണില്‍ ഉയര്‍ന്ന തുകയുണ്ടാവുക എന്നാണ് കരുതപ്പെടുന്നത്. ഇതില്‍ പ്രധാനിയാണ് ഓസ്‌ട്രേലിയന്‍ നായകന്‍ കൂടിയായ പാറ്റ് കമ്മിന്‍സ്. ബൗളിംഗിലെ പോലെ ബാറ്റിംഗിലും സ്‌ഫോടനാത്മകമായി എതിരാളിയെ തകര്‍ക്കാന്‍ കഴിയുമെന്നത് പാറ്റ് കമ്മിന്‍സിന് ബോണസാണ്.

രചിന്‍ രവീന്ദ്രയാണ് ഇത്തവണ ഐപിഎല്ലില്‍ ടീമുകള്‍ ശ്രദ്ധ പതിപ്പിക്കാന്‍ സാധ്യതയുള്ള മറ്റൊരു താരം. ഇടം കയ്യന്‍ ബാറ്ററാണെന്നുള്ളതും പന്തെറിയാനും താരത്തിനാകുമെന്നതും രചിനെ ഫ്രാഞ്ചൈസികള്‍ക്ക് പ്രിയങ്കരനാക്കുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ തിളങ്ങാനായില്ലെങ്കിലും ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കും ഉയര്‍ന്ന വില പ്രതീക്ഷിക്കുന്ന താരമാണ്. ബേസ് െ്രെപസ് 2 കോടിയുള്ള താരത്തെ മോശമല്ലാത്ത തരത്തില്‍ ടീമുകള്‍ വിളിച്ചെടൂത്താല്‍ അത്ഭുതപ്പെടാനില്ല. കഴിഞ്ഞ ലോകകപ്പില്‍ ബൗളിംഗില്‍ മികച്ച പ്രകടനം നടത്തിയ ദക്ഷിണാഫ്രിക്കന്‍ പേസറായ ജെറാള്‍ഡ് കൂറ്റ്‌സെയാണ് മറ്റൊരു താരം. 23കാരനായ താരത്തിന്റെ അടിസ്ഥാന വില 2 കോടി രൂപയാണ്.

ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയുടെ ഹീറോയായി മാറിയ ട്രാവിസ് ഹെഡിനും ഉയര്‍ന്ന വിലയാണ് ഐപിഎല്ലില്‍ പ്രതീക്ഷിക്കുന്നത്. ശ്രീലങ്കയുടെ വാനിന്ദു ഹസരങ്കയ്ക്ക് ഇത്തവണ 1.5 കോടി രൂപയാണ് അടിസ്ഥാന വില. ഇവരെ കൂടാതെ ഇന്ത്യയില്‍ മികച്ച റെക്കോര്‍ഡുള്ള ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചലും ഐപിഎല്‍ താരലേലത്തില്‍ ഉയര്‍ന്ന വില നേടിയേക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :