അഭിറാം മനോഹർ|
Last Modified തിങ്കള്‍, 18 ഡിസംബര്‍ 2023 (18:43 IST)
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകപദവി നഷ്ടമായെങ്കിലും രോഹിത് ശര്‍മയെ കൈവിടാതെ ബിസിസിഐ. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ രോഹിത് തന്നെയാകും ഇന്ത്യയെ നയിക്കുക എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം രോഹിത് ശര്‍മ ഇന്ത്യയുടെ ടി20 ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല. എന്നാല്‍ ഏകദിന ലോകകപ്പിലെ നേതൃശേഷിയും ഫോമും പരിഗണിച്ച് രോഹിത്തിനെ തന്നെ ടി20യിലും നായകനാക്കാനാണ് ബിസിസിഐ താത്പര്യപ്പെടൂന്നത്.
മുംബൈ ഇന്ത്യന്‍സിലെ ക്യാപ്റ്റന്‍സി മാറ്റം ആ ഫ്രാഞ്ചൈസിയുടെ മാത്രം കാര്യമാണെന്നും അത് ഇന്ത്യന്‍ ടീമിനെ ബാധിക്കുന്നതല്ലെന്നും പേരു വെളിപ്പെടുത്താത്ത ബിസിസിഐ വൃത്തങ്ങള്‍ ദൈനിക് ജാഗരണിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിലാണ് രോഹിത്തിന്റെ 10 വര്‍ഷക്കാലം നീണ്ട ക്യാപ്റ്റന്‍സിക്ക് വിരാമമിട്ട് ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ നായകനാക്കിയുള്ള മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനം വാര്‍ത്തയായത്. ഇതോടെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലും ഹാര്‍ദ്ദിക് തന്നെ നായകനാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.