ഇന്ത്യയിൽ രണ്ടാമത്തെ ഫൈഫർ, ഇതിഹാസതാരം റിച്ചാർഡ് ഹാഡ്‌ലിക്കൊപ്പമെത്തി സൗത്തി

അഭിറാം മനോഹർ| Last Modified വെള്ളി, 26 നവം‌ബര്‍ 2021 (13:24 IST)
സ്പിന്നർമാർ വാഴുമെന്ന് കരുതപ്പെട്ട കാൺപൂർ ടെസ്റ്റിൽ ഇന്ത്യയുടെ അടിത്തറ ഇളക്കി ടിം സൗത്തി. 27.4 ഓവറില്‍ ആറു മെയ്ഡനടക്കം 69 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകളാണ് മത്സരത്തിൽ സൗത്തി വീഴ്‌ത്തിയത്. ആദ്യദിനം ഒരു വിക്കറ്റെടുത്ത അദ്ദേഹം രണ്ടാംദിനം ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ നാലു പേരെ കൂടി പുറത്താക്കി ഫൈഫര്‍ കുറിക്കുകയായിരുന്നു.

26 റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയായിരുന്നു ആദ്യദിനത്തിൽ സൗത്തിയുടെ ഇര. രണ്ടാം ദിനത്തിലെ ആദ്യ സെഷനിൽ തന്നെ ഇന്ത്യയ്ക്ക് മികച്ച അടിത്തറയിട്ട രവീന്ദ്ര ജഡേജയെ പുറത്താക്കികൊണ്ടാണ് രണ്ടാം ദിന‌ത്തിൽ സൗത്തി വിക്കറ്റ് കൊയ്‌ത്തിന് തുടക്കമിട്ടത്. തുടർന്ന് വൃദ്ധിമാൻ സാഹ, മത്സരത്തിലെ സെഞ്ചുറി വീരനായ ശ്രേയസ് അയ്യർ എന്നിവരെയും സൗത്തി മടക്കി.

മൂന്ന് റൺസെടുത്ത അക്ഷർ പട്ടേലിനെ പുറത്താക്കി അഞ്ചു വിക്കറ്റ് സ്വന്തമാക്കിയതോടെ ഇന്ത്യയില്‍ കൂടുതല്‍ തവണ ടെസ്റ്റില്‍ അഞ്ചു വിക്കറ്റുകളെടുത്ത ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളറെന്ന ഇതിഹാസതാരം റിച്ചാർഡ് ഹാഡ്‌ലിയുടെ റെക്കോഡിനൊപ്പമെത്താനും താരത്തിനായി.രണ്ടാം തവണയാണ് സൗത്തി ഫൈഫര്‍ സ്വന്തമാക്കുന്നത്.

അതേസമയം ഈ നൂറ്റാണ്ടില്‍ ഇന്ത്യക്കെതിരേ നാട്ടില്‍ രണ്ടു തവണ ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് നേട്ടം കുറിച്ച രണ്ടാമത്തെ ഫാസ്റ്റ് ബൗളറായും അദ്ദേഹം മാറി. സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നു മാത്രം അവകാശപ്പെട്ടതായിരുന്നു ഈ റെക്കോര്‍ഡ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :