അഭിറാം മനോഹർ|
Last Modified വെള്ളി, 26 നവംബര്‍ 2021 (12:51 IST)
അരങ്ങേറ്റ ടെസ്റ്റിൽ തന്നെ ഗംഭീര പ്രകടനവുമായി വരവറിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ യുവതാരമായ ശ്രേയസ് അയ്യർ. രണ്ടാം ദിനത്തിൽ സെഞ്ചുറി നേടിയ താരം ഇന്ത്യക്കു വേണ്ടി കന്നി ടെസ്റ്റില്‍ തന്നെ സെഞ്ച്വറി തികയ്ക്കുന്ന പതിനാറാമത് താരമെന്ന റെക്കോർഡ് സ്വന്തമാക്കി.
നാട്ടിൽ കന്നി സെഞ്ചുറി സ്വന്തമാക്കുന്ന പത്താമത്തെ താരമാണ് ശ്രേയസ്.രോഹിത് ശര്‍മ (2013, വെസ്റ്റ് ഇന്‍ഡീസ്), പൃഥ്വി ഷാ (2018, വെസ്റ്റ് ഇന്‍ഡീസ്) എന്നിവരാണ് അവസാനമായി നാട്ടിൽ കന്നി ടെസ്റ്റിൽ സെഞ്ചുറി നേടിയ
ഇന്ത്യൻ താരങ്ങൾ.
അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ചാമനായോ, അതിനു താഴെയോ ക്രീസിലെത്തിയ ശേഷം സെഞ്ച്വറിയുമായി കസറിയ നാലാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും സെഞ്ചുറിയോടെ താരം സ്വന്തമാക്കി. സൗത്താഫ്രിക്കയ്‌ക്കെതിരേ മുന്‍ ഇതിഹാസ ബാറ്റര്‍ വീരേന്ദര്‍ സെവാഗായിരുന്നു ആദ്യമായി അഞ്ചാമനായി ഇറങ്ങി കന്നി ടെസ്റ്റില്‍ നൂറടിച്ചത്. പിന്നീട് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും അവസാനമായി നിലവിലെ ഓപ്പണറും ടി20 ടീം നായകനുമായ രോഹിത് ശര്‍മയും ഈ നേട്ടത്തിലെത്തി.
മത്സരത്തിൽ 3 വിക്കറ്റിന് 106 റൺസ് എന്നനിലയിൽ ഇന്ത്യ പതറവെയായിരുന്നു ശ്രേയസ് ക്രീസിലെത്തുന്നത്. 145 റൺസിൽ നാലാം വിക്കറ്റും വീണെങ്കിലും രവീന്ദ്ര ജഡേജയുമായി ചേർന്ന് ശ്രേയസ് സ്കോർ ഉയർത്തി.157 ബോളുകളിലായിരുന്നു ശ്രേയസിന്റെ സെഞ്ചുറി.