അടിച്ചുനീളം വലിച്ചു, പിന്നെ കൂട്ടക്കുരുതിയും

   ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിനം , ക്രിക്കറ്റ് , ടീം ഇന്ത്യ, മഹേന്ദ്ര സിംഗ് ധോണി
ജിയാന്‍ ഗോണ്‍സാലോസ്| Last Updated: തിങ്കള്‍, 26 ഒക്‌ടോബര്‍ 2015 (16:25 IST)
കൂട്ടക്കുരുതിയായിരുന്നു വാങ്കഡേയില്‍ നടന്നത്. അടിച്ചുനീളം വലിക്കുക, തരിപ്പണമാക്കുക, കൊന്നു കൊലവിളിക്കുക എന്നീ വാക്കുകള്‍ അന്വര്‍ഥമാക്കുന്ന കാടന്‍ ഇന്നിംഗ്‌സുകള്‍ നടത്തിയ ‘ഡെ’വിള്‍സുകള്‍ ഇന്ത്യന്‍ അഹങ്കാരത്തിനുമേല്‍ ആണിയടിക്കുകയായിരുന്നു. ധോണിപ്പടയില്‍ ചിരിച്ച മുഖം പോലും കലാശപ്പോരാട്ടത്തില്‍ കാണാന്‍ കഴിഞ്ഞില്ല. എങ്ങനെ സിക്‍സും ഫോറുകളും നേടാമെന്ന് ഇന്ത്യന്‍ ടീമിന് ക്ലാസ് എടുക്കുകയായിരുന്നു ദഷിണാഫ്രിക്കന്‍ താരങ്ങള്‍.

ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സുകളെ ഭയാനകം, ഭീവത്സം, ക്രൂരം എന്നീ മൂന്നു വാക്കുകളില്‍ മാത്രമായി ഒതുക്കുകയാവും നല്ലത്. ഭയവും ഉത്കണ്ഠയും ദൈന്യതയും നിറഞ്ഞ പതിനൊന്നു മുഖങ്ങളെ വകവെക്കാതെ കൊലവിളിച്ച ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇന്ത്യന്‍ കാണികള്‍ക്ക് മികച്ച ഒരു വിരുന്നായിരുന്നു. തകര്‍പ്പന്‍ ഷോട്ടുകള്‍ ഒന്നിനു പുറകെ ഒന്നായി പാഞ്ഞപ്പോള്‍ ഇന്ത്യന്‍ ബോളര്‍മാര്‍ കാഴ്‌ചക്കാരാകുകായിരുന്നു. അമ്പയര്‍ക്കായിരുന്നു അഞ്ചാം ഏകദിനത്തില്‍ പിടിപ്പതു പണി ഉണ്ടായിരുന്നത്. ബൌണ്ടറികള്‍ ഒന്നിനുപുറകെ ഒന്നായി ഒഴുകിയതോടെ അമ്പയര്‍മാര്‍ക്ക് വിശ്രമമില്ലായിരുന്നു.

തുടക്കത്തില്‍ ഹഷിം അംലയുടെ വിക്കറ്റ് നേടിയതൊഴിച്ചാല്‍ ഒന്നുമില്ലായിരുന്നു ഇന്ത്യക്ക് ആഘോഷിക്കാന്‍. എന്നാല്‍ ആ വിക്കറ്റ് വീഴ്‌ത്തിയതിനുള്ള പ്രതിഫലം മോഹിത് ശര്‍മ്മയ്‌ക്ക് ആവോളം കൊടുത്തു ‘ഡെ’വിള്‍സ് കമ്പനിയുടെ ചുണക്കുട്ടന്മാര്‍. എബി ‘ഡി’ വില്ലിയേഴ്‌സും, ഹാഫ് ‘ഡ്യു ’പ്ലെസിയും, ‘ഡി’ കോക്കും അടങ്ങുന്ന ഡെവിള്‍സുകള്‍ സംഹാരതാണ്ഡവമാടിയപ്പോള്‍ നീണ്ട ഇടവേളയ്‌ക്ക് ശേഷമുള്ള മനോഹരമായ ബാറ്റിംഗ് വിരുന്നായിരുന്നു മുംബൈയില്‍ കണ്ടത്.

പന്തു പെറുക്കിയെടുക്കാന്‍ പോലുമുള്ള സാവകാശം പോലും ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ക്കു നല്‍കിയില്ല. തലയുടെ മുകളിലൂടെ പാഞ്ഞ വെടിയുണ്ട പോലുള്ള ഷോട്ടുകള്‍ ഗാലറികളിലേക്ക് പൂത്തിരി പോലെ ചിതറി വീണപ്പോള്‍ നോക്കി നില്‍ക്കാന്‍ മാത്രമെ കഴിയുമായിരുന്നുള്ളു. ബോളര്‍മാരോട് ധോണിക്ക് ഒന്നും പറയാന്‍ ഇല്ലായിരുന്നു. ഓരോ ഓവറും വീതം വെച്ചു നല്‍കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാന്‍ ഇന്ത്യന്‍ നായകനായില്ല. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ അടിച്ചു തകര്‍ക്കുബോള്‍ കാഴ്‌ചക്കാരനെ പോലെ നോക്കി നില്‍ക്കുകയായിരുന്നു ക്യാപ്‌റ്റന്‍ കൂള്‍. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സ് അടുത്തു നിന്ന് വീക്ഷിച്ച ‘ഭാഗ്യം’ മാത്രമാണ് മഹിക്ക് ലഭിച്ചത്. ഡി കോക്ക് തൊടുത്തുവിട്ട ബാറ്റിംഗ് വിരുന്ന് ഡ്യുപ്ലെസിയും ഡിവില്ലിയേഴ്‌സും ഏറ്റെടുത്തതോടെ റണ്‍‌മല താണ്ടാന്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയോടു ഒരുങ്ങിക്കൊള്ളാനുള്ള സൂചനയായിരുന്നു.

‘തടങ്ങും വിലങ്ങും അടിയോടടി’ എന്ന വാക്ക് കടമെടുക്കുന്നതാവും സാഹചര്യത്തിന് ഏറ്റവും യോജ്യമായത്. എങ്ങനെ ബാറ്റ് ചെയ്യാമെന്ന് നോക്കി പഠിക്കാനുള്ള സുവര്‍ണ്ണാവസരമായിരുന്നു ധോണിക്കും സംഘത്തിനും ലഭിച്ചത്. ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ഓട്ട കൈകള്‍ വിരിച്ചു പിടിച്ചതോടെ തെല്ലും ഭയമില്ലാതെ ബാറ്റ് ചെയ്യാന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കു കഴിഞ്ഞു.

അവസാന ഏകദിനം ഇന്ത്യക്ക് ഒരു പാഠമാണ്. കടലാസു പുലികളായ ബാറ്റ്‌സ്‌മാന്‍‌മാരും, നനഞ്ഞ പടക്കം പോലുള്ള ബോളര്‍മാരും തവള പിടുത്തം ശീലമാക്കിയ ഫീല്‍ഡര്‍മാരുമുള്ള ഇന്ത്യന്‍ ടീമിന് തങ്ങളുടെ കുറവുകള്‍ മനസിലാക്കിയെടുക്കാനുള്ള അവസരമാണ് എ ബിയും സംഘവും നല്‍കിയത്. ഈ ബോളര്‍മാരുമായി മികച്ച ബാറ്റിംഗ് നിരയെ നേരിടാന്‍ ഒരിക്കലും കഴിയില്ല എന്നു വ്യക്തമാക്കുക കൂടിയായിരുന്നു. ഭൂവനേശ്വര്‍ കുമാര്‍, മോഹിത് ശര്‍മ്മ, ഹര്‍ഭജന്‍ സിംഗ്, അക്‍ഷര്‍ പട്ടേല്‍, അമിത് മിശ്ര, സുരേഷ് റെയ്‌ന എന്നിവര്‍ സ്‌കൂള്‍ കുട്ടികളുടെ നിലവാരം പോലും പുലര്‍ത്തുന്ന ബോളര്‍മാരല്ലെന്ന് ഇതിലും വലിയ തെളിവ് ലഭിക്കാന്‍ സാധ്യതയില്ല.

ബാറ്റിംഗ് നിര നനഞ്ഞ ഓലപ്പടക്കം തന്നെയാണ്. വെടിക്കെട്ട് താരം വീരേന്ദര്‍ സെവാഗിനെ പടിയടച്ച് പിണ്ഡംവെച്ചു പകരം ടീമിലെത്തിച്ച ശിഖര്‍ ധവാന്‍ വെറും കെട്ടുകാഴ്‌ചയാണ്. വന്‍ ടോട്ടലുകള്‍ പിന്തുടരേണ്ട സാഹചര്യത്തില്‍ സ്‌ഫോടനാത്‌മകമായ തുടക്കം നല്‍കുന്നതില്‍ ധവാന്‍ വട്ടപ്പൂജ്യമാണ്. രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും നിരാശമാത്രമാണ് പകരുന്നത്. റെയ്‌ന ടീമിന്റെ ബാധ്യതയും ധോണി തുഴച്ചിലുകാരനുമായ സാഹചര്യത്തില്‍ ടീം ഇന്ത്യയുടെ അവസ്ഥ പരിതാപകരം ആണെന്നതില്‍ സംശയമില്ല.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :