ചെന്നൈ|
VISHNU N L|
Last Modified ശനി, 24 ഒക്‌ടോബര്‍ 2015 (10:37 IST)
ഇന്ത്യ–
ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്കു നാളെ മുംബൈയിൽ ഫൈനൽ. നാലാം മൽസരത്തിൽ വിരാട് കോഹലിയുടെ ഉജ്വല സെഞ്ചുറിയുടെയും ബോളര്‍മാരുടെ മികവിലും വിജയിച്ചതോടെ രണ്ട് ടീമും സമാസമം ആയിരിക്കുന്നു. പരമ്പര 2–2 സമനിലയിലാണിപ്പോള്‍.
അവസാന മൽസരം നാളെ നടക്കുമ്പോള്‍ ഏകദിന ക്രിക്കറ്റിലെ രണ്ടു വമ്പന്മാർ തമ്മിലുള്ള പോരാട്ടമാണ് കാണാന്‍ പോകുന്നത്.
നാളത്തെ മത്സരത്തില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും കളത്തിലിറങ്ങാന്‍ പോകുന്നത്. ഇന്ത്യയ്ക്കായി കോഹ്ലി അടിച്ചു കസറിയപ്പോള്‍ കോഹ്‌ലിക്കുള്ള ദക്ഷിണാഫ്രിക്കയുടെ മറുപടിയായിരുന്നു ഡിവില്ലിയേഴ്സ്. കരിയറിലെ ഇരുപത്തി മൂന്നാം ഏകദിന സെഞ്ചുറിയാണ് ചെന്നൈയില്‍ കോഹ്ലി അടിച്ചുകൂട്ടിയത്. ഇതോടെ സച്ചിൻ തെൻഡുൽക്കർ, റിക്കി പോണ്ടിങ്, ഹെർഷേൽ ഗിബ്സ്, ഹാഷിം അംല എന്നിവര്‍ക്ക് ശേഷം എല്ലാ ടെസ്റ്റ് രാജ്യങ്ങൾക്കെതിരെയും ഏകദിനത്തിൽ സെഞ്ചുറി നേടുന്ന അഞ്ചാം ബാറ്റ്സ്മാൻ എന്ന നേട്ടം കോഹ്‌ലി സ്വന്തമാക്കി.
ഇത്തവണയും കോഹ്ലിയിലാണ് ടീമിന്ത്യയുടെ പ്രതീക്ഷ. നാലാം മതരത്തില്‍ കളിയുടെ ഗതിയെ ഇന്ത്യയ്ക്കനുകൂലമാക്കിയ സ്പിന്നര്‍മാരും തുണയ്ക്കെത്തുമെന്ന് കരുതാം. ഹർഭജൻ, അക്‌ഷർ പട്ടേൽ അമിത് മിശ്ര തുടങ്ങിയവര്‍ മിന്നുന്ന പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യയ്ക്ക് പേടിക്കാനൊന്നുമില്ല. മറുവശത്ത് ഡിവില്ലിയേര്‍സ് ഉയര്‍ത്തുന്ന വെല്ലുവിളി കുറച്ചുകാണാനുമാകില്ല. സ്റ്റെയ്ൻ, റബാദ, ക്രിസ് മോറിസ്, ഫാൻഗിയാസോ, ഇമ്രാൻ താഹിർ, ബെഹർദീൻ എന്നിവരെ പേടിക്കുകയും വേണം.