ബൈലാറ്ററൽ സീരീസുകൾ തൂത്തുവാരും, ഐസിസി ടൂർണമെൻ്റുകളിൽ മുട്ടിടിക്കും, ഇത് ഇന്ത്യൻ സ്റ്റൈൽ

അഭിറാം മനോഹർ| Last Modified വെള്ളി, 11 നവം‌ബര്‍ 2022 (15:06 IST)
ഐസിസി ടൂർണമെൻ്റുകളിൽ ആദ്യ ലോകകപ്പ് മുതൽ കളിക്കുന്നുണ്ടെങ്കിലും ഇതുവരെ 5 ഐസിസി കിരീടങ്ങളാണ് ഇന്ത്യനേടിയിട്ടുള്ളത്. 2013ൽ ചാമ്പ്യൻസ് ട്രോഫി നേടിയ ശേഷം ഇന്ത്യയ്ക്ക് ഇതുവരെയും ഐസിസി കിരീടങ്ങൾ നേടാനായിട്ടില്ല.

ധോനി നായകനായിരുന്ന സമയത്ത് നേടിയ 2007 ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013ലെ ചാമ്പ്യൻസ് ട്രോഫി എന്നിവയ്ക്ക് ശേഷം കാര്യമായ നേട്ടങ്ങൾ ഒന്നും സ്വന്തമാക്കാൻ ഇന്ത്യയ്ക്കായിട്ടില്ല. 2015ൽ ഓസീസിൽ നടന്ന ഏകദിന ലോകകപ്പിൽ നന്നായി തുടങ്ങിയെങ്കിലും സെമി ഫൈനലിൽ ഇന്ത്യ മടങ്ങി. തൊട്ടടുത്ത വർഷം നടന്ന ടി20 ലോകകപ്പിൽ സെമിയിൽ വിൻഡീസിനോടും ഇന്ത്യ പരാജയപ്പെടുകയാണുണ്ടായത്.

2017ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിലെത്തിയെങ്കിലും പാകിസ്ഥാനോട് ദയനീയമായ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. 2019ലെ ഏകദിന ലോകകപ്പിൽ സെമിയിൽ കിവീസിനോട് തോറ്റ് ഇന്ത്യ മടങ്ങിയപ്പോൾ 2021ലെ ടി20 ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ ഇന്ത്യ മടങ്ങി. ഓസ്ട്രേലിയ, ന്യൂസിലൻഡ്,ഇംഗ്ലണ്ട് തുടങ്ങിയ കരുത്തരായ രാജ്യങ്ങൾക്കെതിരെ ബൈലാറ്ററൽ സീരീസുകളിൽ ആധിപത്യം പുലർത്തുമ്പോഴും വലിയ വേദികളിൽ ഇന്ത്യയ്ക്ക് സമ്മർദ്ദം താങ്ങാൻ സാധിക്കുന്നില്ല എന്നതിൻ്റെ തെളിവാണ് ഐസിസി ടൂർണമെൻ്റുകളിലെ ഇന്ത്യയുടെ പ്രകടനം.

അടുത്ത വർഷത്തെ ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയാകുമ്പോൾ ഈ പ്രശ്നങ്ങൾ ടീം പരിഹരിക്കുമെന്നാണ് ആരാധകർ കരുതുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :