Suryakumar Yadav: 'സൂര്യകുമാര്‍ യാദവിന്റെ കരിയര്‍ നശിപ്പിക്കരുത്'; ക്ഷുഭിതരായി ആരാധകര്‍, പ്രതിരോധിച്ച് രോഹിത്

നാലാം നമ്പറില്‍ മികച്ച ശരാശരിയും സ്‌ട്രൈക് റേറ്റും ഉള്ള താരമാണ് സൂര്യകുമാര്‍. മധ്യനിരയില്‍ ഇന്ത്യയ്ക്ക് കരുത്ത് പകരുന്നതും സൂര്യയുടെ സാന്നിധ്യമാണ്

രേണുക വേണു| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2022 (15:33 IST)

Suryakumar Yadav:
വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും സൂര്യകുമാര്‍ യാദവിനെ ഓപ്പണറാക്കിയ തീരുമാനത്തെ ചോദ്യം ചെയ്ത് ആരാധകര്‍. സൂര്യകുമാര്‍ യാദവിനെ പോലൊരു ബാറ്ററുടെ കരിയര്‍ നശിപ്പിക്കാനാണോ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ശ്രമിക്കുന്നതെന്ന് ആരാധകര്‍ ചോദിച്ചു. മധ്യനിരയില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന സൂര്യയെ ടോപ്പ് ഓര്‍ഡറിലേക്ക് കൊണ്ടുവന്ന് ഫോം നശിപ്പിക്കുകയാണ് ഇന്ത്യ ചെയ്യുന്നതെന്നും നിരവധി പേര്‍ വിമര്‍ശിച്ചു.

നാലാം നമ്പറില്‍ മികച്ച ശരാശരിയും സ്‌ട്രൈക് റേറ്റും ഉള്ള താരമാണ് സൂര്യകുമാര്‍. മധ്യനിരയില്‍ ഇന്ത്യയ്ക്ക് കരുത്ത് പകരുന്നതും സൂര്യയുടെ സാന്നിധ്യമാണ്. നിലവില്‍ സൂര്യയോളം ഇംപാക്ട് ഉണ്ടാക്കാന്‍ കഴിവുള്ള ബാറ്റര്‍മാരൊന്നും ഇന്ത്യക്ക് മധ്യനിരയില്‍ ഇല്ല. അങ്ങനെയുള്ളപ്പോള്‍ സൂര്യയുടെ പൊസിഷന്‍ മാറ്റി പരീക്ഷണം നടത്താനുള്ള തീരുമാനത്തോട് യോജിക്കാന്‍ കഴിയില്ലെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.

സൂര്യകുമാറിനെ ഓപ്പണറായി പരീക്ഷിക്കാനുള്ള രോഹിത് ശര്‍മയുടെ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും മുഖ്യ സെലക്ടറുമായിരുന്ന കെ.ശ്രീകാന്ത് രംഗത്തെത്തി. നാലാം നമ്പറില്‍ ഗംഭീര താരമാണ് സൂര്യകുമാര്‍. ട്വന്റി 20 ലോകകപ്പില്‍ നാലാം നമ്പറിലാണ് സൂര്യ ബാറ്റ് ചെയ്യേണ്ടത്. പിന്നെ എന്തിനാണ് അയാളെ ഓപ്പണറായി പരീക്ഷിക്കുന്നത്? സൂര്യകുമാറിനെ പോലൊരു താരത്തിന്റെ ഭാവി നശിപ്പിക്കരുത്. കുറച്ച് പരാജയങ്ങള്‍ സംഭവിച്ചാല്‍ അദ്ദേഹത്തിന്റെ ആത്മവിശ്വാസം നഷ്ടമാകുമെന്നും ശ്രീകാന്ത് പറഞ്ഞു.

അതേസമയം, സൂര്യകുമാറിനെ ഓപ്പണറായി പരീക്ഷിക്കാനുള്ള തീരുമാനത്തെ നായകന്‍ രോഹിത് ശര്‍മ ന്യായീകരിച്ചു. ഏത് സാഹചര്യത്തിലും ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരമായി സൂര്യ മാറണം. അതാണ് പ്രധാന ചിന്ത. ഏതെങ്കിലും പ്രത്യേക സ്ഥാനത്ത് മാത്രം ബാറ്റ് ചെയ്യുന്ന താരമാകുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ട്വന്റി 20 വളരെ വ്യത്യസ്തമായ ഫോര്‍മാറ്റാണെന്നും രോഹിത് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :