ഹാട്രിക് വിജയം തേടി ഹൈദരാബാദ്, കൊൽക്കത്തയിൽ നിന്ന് രഹാനെ പുറത്തേക്ക്?

അഭിറാം മനോഹർ| Last Modified വെള്ളി, 15 ഏപ്രില്‍ 2022 (17:16 IST)
ഐപിഎല്ലിൽ മൂന്നാം വിജയം തേടി സൺറൈസേഴ്‌സ് ഹൈദരാബാദ് ഇന്നിറങ്ങും. നൈറ്റ് റൈഡേഴ്‌സാണ് എതിരാളികൾ. പരിക്കേറ്റ വാഷിങ്‌ടൺ സുന്ദർ ഇല്ലാതെയാകും ഹൈദരാബാദ് ഇന്നിറങ്ങുക.

തുടക്കത്തിലെ തിരിച്ചടികൾക്ക് ശേഷം ചെന്നൈയേയും ഗുജറാത്തിനെയും തകർത്തതിന്റെ ആത്മവിശ്വാസത്തിലാകും ഹൈദരാബാദ് ഇന്നിറങ്ങുക. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും അഭിഷേക് ശര്‍മയും ഫോമിലെത്തിയതോടെ ഓപ്പണിംഗിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാൻ ഹൈദരാബാദിനായിട്ടുണ്ട്. നിക്കോളാസ് പുറനും എയ്‌ഡൻ മക്രവും ഫോമിലെത്തിയാൽ ഹൈദരാബാദിനെ പിടിച്ചുകെട്ടുക എളുപ്പമാവില്ല.

അതേസമയം സീസണിലെ നാല് മത്സരങ്ങളില്‍ നാല് വിക്കറ്റും ഒരു അര്‍ധ സെഞ്ച്വറിയും നേടിയ വാഷിംഗ്ടണ്‍ സുന്ദറിന്റെ അഭാവം ഹൈദരാബാദിന് തിരിച്ചടിയാണ്. മാര്‍കോ ജാന്‍സണ്‍, ഭുവനേശ്വര്‍ കുമാര്‍, നടരാജന്‍, ഉമ്രാന്‍ മാലിക് പേസ്ബൗളിംഗ് യൂണിറ്റ് കരുത്തുറ്റതാണ് എന്നതും രാഹുൽ ത്രിപാഠി ടീമിൽ തിരിച്ചെത്തുന്നു എന്നതും ഹൈദരാബാദിന് ആശ്വാസം നൽകുന്നു.

കൊൽക്കത്ത നിരയിൽ ഓപ്പണിങ് റോളിങ് അജിങ്ക്യ രഹാനെ പുറത്തുപോകാനാണ് സാധ്യത. വെങ്കിടേഷ് അയ്യര്‍, നായകന്‍ ശ്രേയസ് അയ്യര്‍, നിതീഷ് റാണ,സാം ബില്ലിങ്‌സ്, ആന്ദ്രേ റസല്‍, സുനില്‍ നരെയ്ന്‍, പാറ്റ് കമ്മിന്‍സ് തുടങ്ങി മികച്ച നിരയാണ് കൊൽക്കത്തയ്ക്കുള്ളത്. എന്നാൽ റണ്ണൊഴുക്ക് തടയാനാകാത്തതാണ് ടീമിന് തിരിച്ചടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :