അഭിറാം മനോഹർ|
Last Modified ബുധന്‍, 13 ഏപ്രില്‍ 2022 (15:46 IST)
സീസണിലെ ആദ്യ വിജയമായിരുന്നു റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കിയത്. ഉത്തപ്പയും ശിവം ദുബെയും തകർത്തടിച്ചപ്പോൾ അവസാന 10 ഓവറുകളിൽ ചെന്നൈ നേടിയെടുത്തത് 155 റൺസാണ്.
കഴിഞ്ഞ സീസണിലെ വിക്കറ്റ് വേട്ടക്കാരനായിരുന്ന ഹർഷൽ പട്ടേലിന്റെ അസാന്നിധ്യമാണ് അവസാന ഓവറുകളിൽ റൺറേറ്റ് പിടിച്ചുനിർത്തുന്നതിൽ ആർസിബി പരാജയപ്പെടാൻ കാരണമെന്ന് ക്രിക്കറ്റ് വിദഗ്‌ധർ വിലയിരുത്തുന്നു. സഹോദരിയുടെ മരണത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഹർഷൽ ബയോ ബബ്‌ൾ വിട്ട് നാട്ടിലേക്ക് മടങ്ങിയത്.
ഹർഷലിനെ കൂടാതെ ഇറങ്ങിയ ബാംഗ്ലൂർ, ചെന്നൈയ്ക്കെതിരെ അവസാന 10 ഓവറിൽ 13 എക്സ്ട്ര അടക്കം 155 റൺസാണു ബാംഗ്ലൂർ വിട്ടുനൽകിയത്. ഡെത്ത് ഓവറുകളിൽ ഹർഷൽ പട്ടേലിന്റെ അഭാവമാണ് തിരിച്ചടിയായതെന്ന് ബെംഗളൂരു നായകൻ ഫാഫ് ഡുപ്ലെസി മത്സരശേഷം പ്രതികരിച്ചു.
ബാംഗ്ലൂരിനു മാത്രമല്ല, കളിക്കുന്ന ഏതു ടീമിനായും നിർണായക സംഭാവന നൽകാൻ കെൽപ്പുള്ള താരമാണു ഹർഷൽ. കളി ഒറ്റയ്ക്ക് മാറ്റിമറിക്കാൻ അവനാകും. ചെന്നൈക്കെതിരെ ഞങ്ങൾ ഏറ്റവും മിസ് ചെയ്‌തത് അവന്റെ സേവനമാണ്.ഡെത്ത് ഓവറുകളിലെ ബോളിങ് വൈവിധ്യവും ഞങ്ങൾക്കു നഷ്ടമായി. കനത്ത നഷ്ടംതന്നെയാണ്. ഹൽഷൽ ഉടൻ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷ ഡുപ്ലെസിസ് പറഞ്ഞു.
ഹർഷൽ പട്ടേലിന്റെ സഹോദരിയോടുള്ള ആദര സൂചകമായ കറുത്ത ആം ബാൻഡ് അണിഞ്ഞാണ് ബാംഗ്ലൂർ താരങ്ങൾ ഇന്നലെ മത്സരത്തിന് ഇറങ്ങിയത്.