അഭിറാം മനോഹർ|
Last Modified തിങ്കള്‍, 26 ഫെബ്രുവരി 2024 (16:35 IST)
കരിയറിലെ നൂറാം ടെസ്റ്റില്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിനെ ഇന്ത്യന്‍ ടീം നായകനാക്കി കളിപ്പിക്കണമെന്ന ആവശ്യവുമായി ഇന്ത്യന്‍ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍. റാഞ്ചി ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റുമായി അശ്വിന്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇതോടെയാണ് അശ്വിന്റെ നൂറാം ടെസ്റ്റ് മത്സരം കൂടിയായ ധരംശാല ടെസ്റ്റില്‍ അശ്വിനെ നായകനാക്കണമെന്ന് ഗവാസ്‌കര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ധരംശാല ടെസ്‌റ്റോട് കൂടി 100 ടെസ്റ്റ് മത്സരങ്ങള്‍ ഇന്ത്യയ്ക്കായി പൂര്‍ത്തിയാക്കുന്ന 14മത് താരമായി അശ്വിന്‍ മാറും. 99 ടെസ്റ്റുകളില്‍ നിന്നും 507 വിക്കറ്റും 3309 റണ്‍സുമാണ് അശ്വിന്റെ പെരിലുള്ളത്. 35 തവണ 5 വിക്കറ്റ് നേട്ടവും 5 സെഞ്ചുറികളും 15 ഫിഫ്റ്റികളും അശ്വിന്റെ അക്കൗണ്ടിലുണ്ട്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് താരങ്ങളില്‍ ഒരാളെന്ന നിലയിലാണ് അശ്വിനെ അദ്ദേഹത്തിന്റെ 100മത് ടെസ്റ്റില്‍ നായകനാക്കണമെന്ന ആവശ്യം ഗവാസ്‌കര്‍ ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന് അശ്വിന്‍ ചെയ്ത സംഭാവനകള്‍ക്ക് ഇത് വലിയ അംഗീകാരമാകുമെന്നും ഗവാസ്‌കര്‍ പറയുന്നു.