അഭിറാം മനോഹർ|
Last Modified തിങ്കള്‍, 5 ഫെബ്രുവരി 2024 (14:31 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 106 റണ്‍സ് വിജയം. രണ്ടാം ഇന്നിങ്ങ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ 399 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 292 റണ്‍സ് മാത്രമാണ് നേടാനായത്. 73 റണ്‍സ് നേടിയ ഓപ്പണര്‍ സാക് ക്രൗളിയാണ് ഇംഗ്ലണ്ട് നിരയില്‍ പിടിച്ചുനിന്നത്. ബെന്‍ ഫോക്‌സ്, ടോം ഹാര്‍ട്ട്‌ലി എന്നിവര്‍ 36 റണ്‍സ് വീതം നേടി. 3 വിക്കറ്റുകള്‍ വീതം നേടിയ ജസ്പ്രീത് ബുമ്രയും രവിചന്ദ്ര അശ്വിനുമാണ് ഇംഗ്ലണ്ട് ബാറ്റിംഗിനെ തകര്‍ത്തത്.
132 റണ്‍സിന് 2 വിക്കറ്റ് എന്ന നിലയില്‍ നിന്നും ഇംഗ്ലണ്ട് തകര്‍ച്ച വളരെ വേഗത്തിലായിരുന്നു. ഒലി പോപ്പ്, ജോ റൂട്ട് എന്നിവരെ രവിചന്ദ്ര അശ്വിന്‍ മടക്കിയത് ഇംഗ്ലണ്ട് തകര്‍ച്ച വേഗത്തിലാക്കി. തുടര്‍ന്നെത്തിയ ജോണി ബെയര്‍ സ്‌റ്റോ,ബെന്‍ സ്‌റ്റോക്‌സ്, ബെന്‍ ഫോക്‌സ് എന്നിവര്‍ ടീമിനെ തിരിച്ചെത്തിക്കാന്‍ ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റുകള്‍ വീഴ്ത്തി. ബൗളിംഗ് നിരയുടെ നിലവാരത്തെ മാനിക്കാതെ ബാസ്‌ബോള്‍ ശൈലിയില്‍ റണ്‍സ് അടിച്ചുകൂട്ടാന്‍ ശ്രമിച്ചത് ഇംഗ്ലണ്ടിന്റെ വിക്കറ്റ് വീഴ്ച വേഗത്തിലാക്കി.
ആദ്യ ഇന്നിങ്ങ്‌സില്‍ 396 റണ്‍സ് നേടിയ ഇന്ത്യക്കെതിരെ 253 റണ്‍സാണ് ഇംഗ്ലണ്ടിന് നേടാനായത്. രണ്ടാം ഇന്നിങ്ങ്‌സില്‍ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറി പ്രകടനത്തോടെ 255 റണ്‍സാണ് ഇന്ത്യ നേടിയത്. 2 ദിവസം ശേഷിക്കെ 399 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ടിന് അപ്രാപ്യമായിരുന്നില്ലെങ്കിലും ബാസ്‌ബോള്‍ ശൈലി പലപ്പോഴും തിരിച്ചടിയായി. ബൗളര്‍മാരില്‍ രവിചന്ദ്ര അശ്വിനും ജസ്പ്രീത് ബുമ്രയുമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.
ബുമ്ര രണ്ട് ഇന്നിങ്ങ്‌സുകളില്‍ നിന്നായി 9 വിക്കറ്റുകള്‍ വീഴ്ത്തി