ഏഷ്യാകപ്പ് ചാമ്പ്യന്മാർ, പക്ഷേ ടി20 ലോകകപ്പ് കളിക്കാൻ യോഗ്യത റൗണ്ട് കളിക്കണം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (13:39 IST)
ഏഷ്യാക്കപ്പ് ടൂർണമെൻ്റ് ലോകകപ്പിന് മുന്നോടിയായി പ്രഖ്യാപിച്ചപ്പോൾ ഇന്ത്യ- പാകിസ്ഥാൻ ടീമുകളിൽ ആരായിരിക്കും ചാമ്പ്യന്മാരെന്ന് കണ്ടെത്താനുള്ള പോരാട്ടമാകുമെന്നാണ് ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകർ കരുതിയത്. പഴയ വീര്യത്തിലേക്ക് തിരിച്ചെത്താനാകാത്ത ബംഗ്ലാദേശും ടൂർണമെൻ്റിൽ നിന്ന് തന്നെ എഴുതിതള്ളിയ ശ്രീലങ്കയും ഒരു പോരാട്ടം നൽകാൻ കരുത്തുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന അഫ്ഗാനുമായിരുന്നു ഏഷ്യാകപ്പിൽ ഇന്ത്യയ്ക്കും പാകിസ്ഥാനും എതിരാളികൾ.

ആദ്യ മത്സരത്തിൽ അഫ്ഗാനോട് തോറ്റ് തുടങ്ങിയ ശ്രീലങ്ക പക്ഷേ ബംഗ്ലാദേശിനെതിരായ പോരാട്ടത്തിലെ ത്രില്ലർ വിജയത്തോടെ ഏതൊരു ടീമിനും വെല്ലുവിളിയായി മാറി. ലോകോത്തര ബാറ്റർമാരും പേസർമാരും ഇല്ലെങ്കിലും മറ്റേത് ടീമിനെയും വെല്ലുന്ന ഒത്തൊരുമയും വലിയ നിര ഓൾറൗണ്ടർമാരുടെ സാന്നിധ്യവുമാണ് ശ്രീലങ്കയെ മറ്റേത് ടീമിനേക്കാളും അപകടകാരികളാക്കുന്നത്.

ടൂർണമെൻ്റിലെ അണ്ടർ ഡോഗുകളായി കിരീടം നേടിയെങ്കിലും വരാനിരിക്കുന്ന ലോകകപ്പിൽ കളിക്കണമെങ്കിൽ ലോകകപ്പ് യോഗ്യത റൗണ്ട് കൂടി ശ്രീലങ്കയ്ക്ക് കളിക്കേണ്ടതുണ്ട്. വ്യക്തിഗത മികവിൽ ശ്രദ്ധിക്കാതെ കെട്ടുറപ്പുള്ള ടീമുമായി എത്തുന്ന ശ്രീലങ്ക വരുന്ന ലോകകപ്പിൽ മറ്റ് ടീമുകൾക്ക് വെല്ലുവിളിയാകുമെന്നുറപ്പ്. ഏഷ്യാകപ്പിൽ ശ്രീലങ്കയുടെ ആറാം കിരീടനേട്ടമാണിത്. 1986,1997,2004,2008,2014 വര്‍ഷങ്ങളിലാണ് ലങ്ക ഇതിന് മുൻപ് കിരീടം നേടിയിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :