Dasun Shanaka: ടോസ് നേടിയാൽ ലോകകപ്പും കിട്ടിയെന്ന് പറഞ്ഞവർ എവിടെ? ക്യാപ്റ്റനെന്നാൽ ഷനക തന്നെ, പത്തിൽ പത്ത് മാർക്ക്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (13:32 IST)
ഏഷ്യാകപ്പ് പോരാട്ടം തുടങ്ങുമ്പോൾ ആരാലും ഒരു സാധ്യതയും കൽപ്പിക്കപ്പെടാതിരുന്ന ടീമായിരുന്നു ശ്രീലങ്ക. ഇതിഹാസ താരങ്ങളായ സങ്കക്കാര, മലിംഗ തുടങ്ങിയ അവസാന നിരയും മടങ്ങിയതോടെ ക്രിക്കറ്റ് ലോകത്ത് നിന്ന് തന്നെ അഡ്രസ് നഷ്ടപ്പെട്ട ലങ്കൻ നിരയെ ആരും കണക്കിലെടുക്കാത്തതിലും അത്ഭുതമില്ല.

ആദ്യ മത്സരത്തിൽ അഫ്ഗാനോട് തോറ്റ് തുടങ്ങിയതോടെ ശ്രീലങ്കയുടെ ഇടം ക്രിക്കറ്റ് ലോകത്ത് നിന്ന് തന്നെ നഷ്ടമാകുന്നുവോ എന്ന് പരിതപിച്ച ക്രിക്കറ്റ് അരാധകരും കുറവല്ല. എന്നാൽ തൊട്ടടുത്ത ബംഗ്ലാദേശിനെതിരായ മത്സരത്തിൽ താളം വീണ്ടെടുത്ത സിംഹളവീര്യം എതിർനിരകളെ ചാമ്പലാക്കുന്നതാണ് പിന്നീട് കാണാനായത്.

വാനിന്ദു ഹസരംഗയെന്ന ഒറ്റ പരിചയസമ്പന്നനെ മാത്രം വെച്ച് താരതമ്യേന പുതുമുഖങ്ങളുമായാണ് ശ്രീലങ്കയെത്തിയത്. ഇന്ത്യയുടെ 2007ലെ ലോകകപ്പ് വിജയത്തെ ഓർമിപ്പിക്കുന്ന പോലെ മത്സരത്തിൻ്റെ ഓരോ തുടിപ്പും മനസിലാക്കുന്ന മാസ്റ്റർ മൈൻഡ് നായകനായി എത്തിയതാണ് ശ്രീലങ്കൻ വിജയത്തിൽ വലിയ പങ്കുവഹിച്ചത്.

ഇന്ത്യയ്ക്ക് ധോണി എങ്ങനെയോ അതുപോലെ ടാക്ടിക്കൽ ആയ ഒരു നായകനായി ഷനക തിളങ്ങി. നായകനെന്ന നിലയിൽ ഓപ്പണിങ്ങിൽ പുതുപരീക്ഷണം നടത്തിയ ഷനക കുശാൽ മെൻഡിസിനെ ഓപ്പണറായി പ്രമോട്ട് ചെയ്തത് ലങ്കയ്ക്ക് വലിയ ഗുണം ചെയ്തു. ഭാനുക രാജപക്ഷ എന്ന വജ്രായുദ്ധത്തെ നിർണായക സാഹചര്യത്തിനായി ഷനക കരുതുവെച്ചു.

ഫൈനൽ മത്സരത്തിലെ കൃത്യമായ ഫീൽഡ് നിയന്ത്രണങ്ങളും ബൗളിങ് ചെയ്ഞ്ചുകളും പാകിസ്ഥാന് നിലയുറപ്പിക്കാനുള്ള അവസരങ്ങൾ ഇല്ലാതെയാക്കി. ആദ്യ മത്സരത്തിൽ അഫ്ഗാനെതിരെ ദയനീയമായി പരാജയപ്പെട്ട ടീമാണ് പിന്നീട് തുടർച്ചയായി നാല് വിജയങ്ങൾ സ്വന്തമാക്കി കിരീടം തങ്ങളുടെ പേരിലാക്കിയത്.

യുഎഇയിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമാണ് അധിക മത്സരങ്ങളും വിജയിച്ചിട്ടുള്ളത്. ഏഷ്യാകപ്പിലും സമാനമായിരുന്നു മറ്റ് മത്സരങ്ങളുടെ സ്ഥിതി. അതിനാൽ തന്നെ ആദ്യം ടോസ് നഷ്ടപ്പെടുകയും ചെറിയ സ്കോറിന് ശ്രീലങ്കയുടെ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെടുകയും ചെയ്തതോടെ ലങ്കൻ പരാജയം ഉറപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അവിസ്മരണീയമായ പ്രകടനത്തടെ ഭാനുക രജപക്ഷെ മത്സരം വരുതിയിലാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ്റെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീഴ്ത്തിയതിൽ ഷനക എന്ന നായകൻ്റെ കഴിവ് വ്യക്തം. വ്യക്തിഗത മികവിനെ ആശ്രയിക്കാതെ ടീമെന്ന നിലയിൽ ലങ്ക ടി20 ലോകകപ്പിനെത്തുമ്പോൾ മറ്റ് ടീമുകൾ അവരെ ഭയക്കുക തന്നെ വേണം. ആ സിംഹളവീര്യം ഇന്നും ലങ്കയിൽ ബാക്കിയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :