Royal Challengers Bengaluru : ഫൈനലിൽ ഡൽഹിക്ക് വീണ്ടും അടിതെറ്റി, ആർസിബിക്ക് രണ്ടാം ഡബ്യുപിഎൽ കിരീടം, മത്സരത്തിലെ താരമായി സ്മൃതി മന്ദാന

ഡബ്ല്യുപിഎൽ കിരീടം വീണ്ടും ആർസിബിക്ക്

Smriti mandhana's RCB clinch 2nd WPL title
രേണുക വേണു| Last Modified വെള്ളി, 6 ഫെബ്രുവരി 2026 (10:02 IST)
വനിതാ പ്രീമിയര്‍ ലീഗില്‍ രണ്ടാം കിരീടം സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച് റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു. ഫൈനലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തിലാണ് ബെംഗളുരു മറികടന്നത്.സ്മൃതി മന്ദാന, ജോര്‍ജിയ വോള്‍ എന്നിവരുടെ മികച്ച പ്രകടനങ്ങളാണ് ആര്‍സിബിയെ കിരീടനേട്ടത്തിലെത്തിച്ചത്. വനിതാ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍ചേസുകളില്‍ ഒന്ന് നടത്തികൊണ്ടാണ് ആര്‍സിബിയുടെ വിജയം.


(RCB) വീണ്ടും ചരിത്രം കുറിച്ചു. സ്മൃതി മന്ദാനയുടെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ ബലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ കീഴടക്കി ആര്‍സിബി കിരീടം സ്വന്തമാക്കി. ഫൈനലില്‍ ഡല്‍ഹി ഉയര്‍ത്തിയ 204 റണ്‍സ് ലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തില്‍ പിന്തുടര്‍ന്ന് വിജയിച്ച ആര്‍സിബി, ഡബ്ല്യുപിഎല്‍ ഫൈനലുകളില്‍ ഏറ്റവും ശ്രദ്ധേയമായ റണ്‍ചേസ് നടത്തിയാണ് കിരീടത്തില്‍ മുത്തമിട്ടത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റന്‍ ജെമീമ റോഡ്രിഗസ്, ലോറ വോള്‍വാര്‍ഡ്, ചിനെല്ലെ ഹെന്റി എന്നിവരുടെ മികച്ച പ്രകടനങ്ങളുടെ മികവില്‍ 203 റണ്‍സാണ് സ്വന്തമാക്കിയത്. 37 പന്തില്‍ 57 റണ്‍സുമായി ജെമീമയും 25 പന്തില്‍ 44 റണ്‍സുമായി ലോറ വോള്‍വാര്‍ഡും ഡല്‍ഹിക്കായി തിളങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ ആര്‍സിബിക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ സോഫി ഡിവൈനെ നഷ്ടമായെങ്കിലും ജോര്‍ജിയ വോള്‍- സ്മൃതി മന്ദാന സഖ്യം കടന്നാക്രമിച്ചതോടെ ഡല്‍ഹി പ്രതിരോധത്തിലായി.

ക്യാപ്റ്റന്‍ സ്മൃതി മന്ദാന (41 പന്തില്‍ 87)യും ജോര്‍ജിയ വോള്‍ (54 പന്തില്‍ 79)യും ചേര്‍ന്ന് നടത്തിയ 165 റണ്‍സ് കൂട്ടുകെട്ടാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ഡല്‍ഹിയുടെ ബൗളിംഗ് ആക്രമണത്തെ നിസ്സാരമാക്കി കൊണ്ട് മൈതാനത്തിന്റെ തലങ്ങും വിലങ്ങും ബൗണ്ടറികള്‍ വന്നതോടെ ആര്‍സിബി അനായാസകരമായി സ്‌കോര്‍ മറികടക്കുമെന്ന പ്രതീതിയാണ് സൃഷ്ടിച്ചത്. ജോര്‍ജിയ വോള്‍ മടങ്ങുമ്പോള്‍ 16.3 ഓവറില്‍ 174 റണ്‍സെന്ന നിലയിലായിരുന്നു ആര്‍സിബി.

ജോര്‍ജിയ വോളിന്റെ വിക്കറ്റിന് പിന്നാലെ റിച്ച ഘോഷും സ്മൃതി മന്ദാനയും മടങ്ങിയെങ്കിലും ആര്‍സിബി അപ്പോഴേക്കും വിജയത്തിനടുത്തെത്തിയിരുന്നു. അവസാന പന്തുകളില്‍ രാധാ യാദവ് കടന്നാക്രമിച്ചതോടെ ആര്‍സിബി രണ്ടാമതും വിജയികളായി മാറി. മത്സരത്തിന്റെ പത്തൊമ്പതാം ഓവറില്‍ രാധാ യാദവിന്റെ ക്യാച്ച് ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരം മിന്നുമണി കൈവിട്ടിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :