രേണുക വേണു|
Last Modified തിങ്കള്‍, 29 ഡിസംബര്‍ 2025 (20:48 IST)
മുംബൈ: 2025-ലെ ആവേശകരമായ വനിതാ ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ച് ഇന്ത്യന്‍ വനിതകള്‍ ചരിത്രത്തിലാദ്യമായി കിരീടത്തില്‍ മുത്തമിട്ട നിമിഷം. രാജ്യം മുഴുവന്‍ ആ വിജയാഘോഷത്തില്‍ ആറാടുമ്പോള്‍, ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ചത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ഒരു അപ്രതീക്ഷിത നീക്കമായിരുന്നു. ഐസിസി ചെയര്‍മാനില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങാന്‍ സ്റ്റേജിലേക്ക് കയറിയ ക്യാപ്റ്റന്‍, പ്രോട്ടോക്കോളുകള്‍ മാറ്റിവെച്ച് മനോഹരമായ ഒരു 'ഭംഗര' നൃത്തച്ചുവടിലൂടെയാണ് ലോകകപ്പിനെ വരവേറ്റത്. ഗൗരവക്കാരിയായ ഹര്‍മന്‍പ്രീതിന് അന്ന് എന്ത് സംഭവിച്ചു എന്നത് ആരാധകര്‍ക്കിടയില്‍ ഒരു നിഗൂഢതയായി അവശേഷിച്ചിരുന്നു. ഇപ്പോഴിതാ ആ നിമിഷത്തിന്റെ പിന്നിലെ കഥ ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ താരമായ ജെമീമ റോഡ്രിഗസ്.
കപില്‍ ശര്‍മയുടെ ദ ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയില്‍ സംസാരിക്കവെയാണ് ടീമിനുള്ളിലെ രസകരമായ ആ രഹസ്യം ജമീമ പങ്കുവെച്ചത്. ലോകകപ്പ് വേദിയില്‍ ഹര്‍മന്‍പ്രീത് ഡാന്‍സ് കളിച്ചത് സ്വന്തം താല്പര്യപ്രകാരമായിരുന്നില്ലെന്നും മറിച്ച് ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥനയുടെ ഒരു 'ഭീഷണി'അതിന് പിന്നിലുണ്ടായിരുന്നുവെന്നും ജെമീമ പറയുന്നു.
നിങ്ങള്‍ ആ ട്രോഫി ഉയര്‍ത്തുന്നതിന് മുന്‍പ് ഡാന്‍സ് ചെയ്തില്ലെങ്കില്‍, ജീവിതകാലം മുഴുവന്‍ ഞാന്‍ നിങ്ങളോട് സംസാരിക്കില്ലെന്നായിരുന്നു സ്മൃതി നടത്തിയ ഭീഷണി. സാധാരണഗതിയില്‍ ജൂനിയര്‍ താരങ്ങളുടെ ഉപദേശങ്ങള്‍
ഹര്‍മന്‍ കേള്‍ക്കാറില്ലെന്നും സ്മൃതിക്ക് ഒരു പ്രത്യേക സ്ഥാനം ഉള്ളതുകൊണ്ട് മാത്രമാണ് ക്യാപ്റ്റന്‍ അന്നത് ചെയ്തതെന്നുമാണ് ജെമീമ പറയുന്നത്. ആദ്യം താനും ഹര്‍ലീനും ചേര്‍ന്നാണ് ഡാന്‍സ് പ്ലാന്‍ ചെയ്തതെന്നും ജെമീമ പറഞ്ഞു.
ഞങ്ങള്‍ പറഞ്ഞിട്ട് കാര്യമില്ല. ഹാരിദീ ഞങ്ങള്‍ പറയുന്നതൊന്നും കേള്‍ക്കാറില്ല. സ്മൃതി പറഞ്ഞതുകൊണ്ട് മാത്രം നടന്നതാണ്. ആദ്യം ഹാരിദീ മരിച്ചുനിന്നു. എന്നാല്‍ ട്രോഫി ഉയര്‍ത്തുമ്പോള്‍ ഭാംഗര കളിച്ചില്ലെങ്കില്‍ ജീവിതകാലം സംസാരിക്കില്ലെന്ന് സ്മൃതി പറഞ്ഞു. ഇതോടെ ഹര്‍മന്‍പ്രീത് ഡാന്‍സ് കളിക്കാന്‍ തയ്യാറായി ജെമീമ വ്യക്തമാക്കി. ലോകകപ്പ് വിജയത്തിന് ശേഷം പുലര്‍ച്ചെ 3.30 വരെ മൈതാനത്ത് ആഘോഷം തന്നെയായിരുന്നുവെന്നും ജെമീമ പറഞ്ഞു.