മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനുള്ള തീരുമാനം ഗില്ലിന്റേത്; ജയ്‌സ്വാള്‍ ഇനി ഇന്ത്യയുടെ സ്ഥിരം ഓപ്പണര്‍

രേണുക വേണു| Last Modified ബുധന്‍, 12 ജൂലൈ 2023 (11:27 IST)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തനിക്കൊപ്പം ഓപ്പണറാകുക യുവതാരം യഷ്വസി ജയ്‌സ്വാള്‍ ആയിരിക്കുമെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വ്യക്തമാക്കി കഴിഞ്ഞു. ഓപ്പണറായിരുന്ന ശുഭ്മാന്‍ ഗില്‍ ചേതേശ്വര്‍ പുജാരയ്ക്ക് പകരം മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യും. ഓപ്പണര്‍ സ്ഥാനത്തു നിന്ന് താഴേക്ക് ഇറങ്ങാന്‍ ശുഭ്മാന്‍ ഗില്‍ തന്നെയാണ് തീരുമാനിച്ചതെന്ന് രോഹിത് ശര്‍മ പറയുന്നു.

' ഗില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യും. പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായി ഗില്‍ സംസാരിച്ചു. ക്രിക്കറ്റില്‍ മൂന്നും നാലും നമ്പറിലാണ് താന്‍ കൂടുതല്‍ കളിച്ചിരിക്കുന്നതെന്നും മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുമ്പോള്‍ ടീമിനായി കൂടുതല്‍ സംഭാവന ചെയ്യാന്‍ സാധിക്കുമെന്നും ഗില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. അതുമാത്രമല്ല ജയ്‌സ്വാള്‍ ഓപ്പണറായാല്‍ ലെഫ്റ്റ്-റൈറ്റ് കോംബിനേഷനും നടപ്പിലാകും. അത് നമുക്ക് വളരെ നല്ലതാണ്,' രോഹിത് പറഞ്ഞു.

' ദീര്‍ഘകാലത്തേക്ക് ഈ കോംബിനേഷന്‍ മുന്നോട്ടു പോകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. വര്‍ഷങ്ങളായി നമ്മള്‍ ഒരു ലെഫ്റ്റ്-റൈറ്റ് കോംബിനേഷനായി കാത്തിരിക്കുകയാണ്. ഇപ്പോള്‍ നമുക്ക് ഒരു ഇടംകയ്യന്‍ ബാറ്ററെ ലഭിച്ചിരിക്കുന്നു. ടീമിന് വേണ്ടി അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നും ടീമില്‍ തന്റെ സ്ഥാനം സ്ഥിരമാക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം,' രോഹിത് ശര്‍മ കൂട്ടിച്ചേര്‍ത്തു.

അതേസമയം മൂന്ന് ഫോര്‍മാറ്റിലും യഷ്വസി ജയ്‌സ്വാളിനെ ഓപ്പണറാക്കാന്‍ ഇന്ത്യ ആലോചിക്കുന്നുണ്ട്. ട്വന്റി 20 യില്‍ ഗില്ലിനൊപ്പം ജയ്‌സ്വാളിനെ ഓപ്പണറാക്കാനാണ് ആലോചന.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :