ശുഭ്മാന്‍ ഗില്ലില്‍ ഭാവി ക്യാപ്റ്റനെ കണ്ട് ഇന്ത്യ; രാഹുല്‍, ഹാര്‍ദിക്, ശ്രേയസ് എന്നിവര്‍ക്കും സാധ്യത

മൂന്ന് ഫോര്‍മാറ്റിലും നായകനാക്കാന്‍ പറ്റുന്ന താരമെന്നാണ് ശുഭ്മാന്‍ ഗില്ലിനെ കുറിച്ചുള്ള ബിസിസിഐ വിലയിരുത്തല്‍

രേണുക വേണു| Last Modified ബുധന്‍, 22 നവം‌ബര്‍ 2023 (10:11 IST)

തലമുറ മാറ്റത്തിനൊരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. വിരാട് കോലി, രോഹിത് ശര്‍മ യുഗത്തിനു ശേഷം ടീമിനെ മുന്നില്‍ നയിക്കാന്‍ പ്രാപ്തരായ താരങ്ങള്‍ക്ക് ക്യാപ്റ്റന്‍സി അവസരങ്ങള്‍ നല്‍കാനാണ് ടീം മാനേജ്‌മെന്റ് തീരുമാനം. ഇതിന്റെ ഭാഗമായാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവിനെ നായകനാക്കിയത്. ഹാര്‍ദിക് പാണ്ഡ്യയ്ക്കും ശ്രേയസ് അയ്യരിനുമായിരുന്നു ആദ്യ പരിഗണന. എന്നാല്‍ ഹാര്‍ദിക്കിന്റെ പരുക്കും ലോകകപ്പ് കളിച്ച ശ്രേയസ് അയ്യര്‍ക്ക് വിശ്രമം അനുവദിച്ചതും സൂര്യയുടെ വഴികള്‍ തുറന്നു. യുവതാരം ഋതുരാജ് ഗെയ്ക്വാദ് ആണ് ആദ്യ മൂന്ന് മത്സരങ്ങളില്‍ ഉപനായകന്‍. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ശ്രേയസ് അയ്യരായിരിക്കും ഉപനായക സ്ഥാനത്ത്.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കെ.എല്‍.രാഹുലിനായിരിക്കും ഏകദിന നായകസ്ഥാനം ലഭിക്കുക. ശുഭ്മാന്‍ ഗില്‍ ഉപനായകന്‍ ആകും. രോഹിത്തിനു ശേഷം ടെസ്റ്റിലും ഏകദിനത്തിലും കെ.എല്‍.രാഹുലിനെ സ്ഥിര നായകന്‍ ആക്കുന്ന കാര്യം ബിസിസിഐയുടെ പരിഗണനയില്‍ ഉണ്ട്. ശുഭ്മാന്‍ ഗില്ലിന് സ്ഥിര ഉപനായക സ്ഥാനവും നല്‍കിയേക്കും. ട്വന്റി 20 ഫോര്‍മാറ്റില്‍ ഹാര്‍ദിക് പാണ്ഡ്യയോ ശ്രേയസ് അയ്യരോ സ്ഥിര നായകന്‍ ആകും. അപ്പോഴും ശുഭ്മാന്‍ ഗില്ലിന് തന്നെയായിരിക്കും ഉപനായകസ്ഥാനം.

മൂന്ന് ഫോര്‍മാറ്റിലും നായകനാക്കാന്‍ പറ്റുന്ന താരമെന്നാണ് ശുഭ്മാന്‍ ഗില്ലിനെ കുറിച്ചുള്ള ബിസിസിഐ വിലയിരുത്തല്‍. അതിനു മുന്നോടിയായാണ് സീനിയര്‍ താരങ്ങള്‍ക്ക് കീഴില്‍ ഗില്ലിന് ഉപനായകസ്ഥാനം നല്‍കുന്നത്. അടുത്ത ഏകദിന ലോകകപ്പ് ആകുമ്പോഴേക്കും ഗില്ലിനെ മൂന്ന് ഫോര്‍മാറ്റിലേയും നായകനാക്കാനാണ് ടീം മാനേജ്‌മെന്റിന്റെ ലക്ഷ്യം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :