സഞ്ജു മാത്രമല്ല, അവഗണനയിൽ പെട്ട് ചഹലും റിയാൻ പരാഗും

അഭിറാം മനോഹർ| Last Modified ചൊവ്വ, 21 നവം‌ബര്‍ 2023 (17:34 IST)
ലോകകപ്പ് ടൂര്‍ണമെന്റ് അവസാനിച്ച് ദിവസങ്ങള്‍ക്കകം തുടങ്ങാനിരിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യന്‍ ടീമില്‍ ഇടം നേടാനാവാതെ പോയ നിരാശയില്‍ രാജസ്ഥാന്‍ താരങ്ങള്‍. മലയാളി താരമായ സഞ്ജു സാംസണിന് പുറമെ ടി20 ടീമില്‍ വിളി പ്രതീക്ഷിച്ചിരുന്ന യുവതാരം റിയാന്‍ പരാഗ്, ഇന്ത്യയുടെ ലെഗ് സ്പിന്‍ താരം യൂസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ ടീം പ്രഖ്യാപനം വന്നതോടെ അവഗണിക്കപ്പെട്ടു.

ഓഗസ്റ്റില്‍ ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് ടൂറില്‍ കളിച്ചതിന് ശേഷം സ്പിന്‍ താരമായ ചഹലിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. പ്രധാന താരങ്ങള്‍ മാറിനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ സഞ്ജുവിനൊപ്പം ചഹലും ഇടം നേടുമെന്നാണ് കരുതിയതെങ്കിലും നിരാശരാകാനാണ് രണ്ട് താരങ്ങളുടെയും വിധി. ടീം പ്രഖ്യാപനം വന്നതോടെ ഒരു സ്‌മൈലി മാത്രമാണ് പ്രതികരണമായി ചഹല്‍ പോസ്റ്റ് ചെയ്തത്. ചഹലിന് പകരക്കാരനായി സ്പിന്നര്‍ രവി ബിഷ്‌ണോയിയാണ് ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചത്. അതേസമയം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബാറ്റ് കൊണ്ടും ബോളുകൊണ്ടും മികച്ച പ്രകടനം നടത്തിയിട്ടും യുവതാരമായ റിയാന്‍ പരാഗ് അവഗണിക്കപ്പെട്ടു. മലയാളി താരം സഞ്ജു സാംസണിന് പകരം ജിതേഷ് ശര്‍മയാണ് ഓസീസിനെതിരായ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :