രേണുക വേണു|
Last Modified ഞായര്‍, 4 ഫെബ്രുവരി 2024 (08:02 IST)
Shubman Gill: യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ ഭാവി തുലാസില്‍. സമീപകാലത്തെ മോശം പ്രകടനമാണ് ഗില്ലിന് തിരിച്ചടിയാകുന്നത്. അടുത്ത കോലിയെന്ന് ക്രിക്കറ്റ് ആരാധകര്‍ വിശേഷിപ്പിച്ച താരം ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ തന്നെ സ്ഥാനം ഉറപ്പിക്കാന്‍ കഴിയാത്ത വിധം പ്രതിരോധത്തിലാണ്. യഷസ്വി ജയ്‌സ്വാള്‍ അടക്കമുള്ള യുവതാരങ്ങള്‍ മികച്ച ഫോമില്‍ കളിക്കുന്നതും ഗില്ലിന് തിരിച്ചടിയാകും.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്ന് 57 റണ്‍സ് മാത്രമാണ് ഗില്ലിന് നേടാന്‍ സാധിച്ചത്. ഒരു ഇന്നിങ്‌സില്‍ റണ്‍സൊന്നും എടുക്കാതെ താരം പുറത്താകുകയും ചെയ്തു. കഴിഞ്ഞ ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു ശേഷം 12 ഇന്നിങ്‌സുകളില്‍ നിന്ന് 18.81 ശരാശരിയില്‍ വെറും 207 റണ്‍സ് മാത്രമാണ് ഗില്‍ നേടിയിരിക്കുന്നത്. ഈ കണക്കുകള്‍ താരത്തിനു തിരിച്ചടിയാകുകയാണ്.
വിരാട് കോലിക്ക് ശേഷം ടെസ്റ്റില്‍ ഇന്ത്യയുടെ മധ്യനിര ബാറ്റര്‍ സ്ഥാനം വഹിക്കാന്‍ പ്രാപ്തനായ താരമാണ് ഗില്‍. എന്നാല്‍ സമീപകാലത്തെ പ്രകടനങ്ങള്‍ അതു ശരിവയ്ക്കുന്നില്ല. താരം മികച്ച ഫോമിലേക്ക് തിരിച്ചെത്തുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.