അഭിറാം മനോഹർ|
Last Modified തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (14:00 IST)
ഏഷ്യാകപ്പ് ചാമ്പ്യന്മാരായി ഏകദിന ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഏകദിന ലോകകപ്പിന് മുന്‍പ് ഏഷ്യാകപ്പിനിടെ പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് പകരക്കാരനെ പ്രഖ്യാപിക്കാന്‍ ടീം തയ്യാറാവണമെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടു. പരിക്കുള്ള താരങ്ങളെ കൊണ്ട് ലോകകപ്പിനിറങ്ങിയാല്‍ കിരീടം ഒരുപക്ഷേ കൈവിട്ട് പോകുമെന്നും ഗംഭീര്‍ പറഞ്ഞു.
കടുത്ത പുറം വേദനയെ തുടര്‍ന്ന് നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രേയസ് ഇന്ത്യന്‍ ടീമിന്റെ ഭാഗമായത്. എന്നാല്‍ ഏഷ്യാകപ്പിനിടെ താരത്തിന് വീണ്ടും പരിക്കേറ്റിരുന്നു. ലോകകപ്പിന് മുന്‍പ് ഫോമോ ഫിറ്റ്‌നസോ തെളിയിക്കാന്‍ താരത്തിനായിട്ടില്ല. ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റിലേക്ക് പോകുമ്പോള്‍ ഈ അവസ്ഥയിലുള്ള ഒരു കളിക്കാരനെ ടീം മാനേജ്‌മെന്റ് ടീമില്‍ നിലനിര്‍ത്തുമെന്ന് താന്‍ കരുതുന്നില്ലെന്നും വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ഗംഭീര്‍ ആവശ്യപ്പെടുന്നു.
ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ കായികക്ഷമതയില്ലാത്ത താരങ്ങള്‍ ടീമില്‍ ഉള്‍പ്പെടുത്താനാവില്ല. ഇവിടെ ഫോമല്ല വിഷയം. നേരിയ പരിക്കുള്ള താരങ്ങള്‍ക്ക് ലോകകപ്പില്‍ പകരക്കാരനെ പ്രഖ്യാപിക്കാനാവില്ല. അതിനാല്‍ ഏഷ്യാകപ്പില്‍ കായികക്ഷമത തെളിയിക്കാന്‍ പറ്റാതിരുന്ന ശ്രേയസ് അയ്യര്‍ക്ക് ലോകകപ്പ് ടീമിലും ഇടം നേടാനാവുമെന്ന് കരുതുന്നില്ല.ഗംഭീര്‍ പറഞ്ഞു.
അതേസമയം ശ്രേയസ് അയ്യര്‍ക്ക് മുന്‍പില്‍ ഓസ്‌ട്രേലിയയുമായുള്ള പരമ്പര മാത്രമാണ് ലോകകപ്പിന് മുന്‍പ് അവശേഷിക്കുന്നത്. പരിക്ക് മാറി തിരികെയെത്തിയാലും ഈ മത്സരങ്ങളില്‍ താരത്തിന് തന്റെ ഫോം തെളിയിക്കേണ്ടതായി വരും. നിലവില്‍ ഇന്ത്യയുടെ ഏകദിന ലോകകപ്പിനായുള്ള 15 അംഗ ടീമില്‍ ശ്രേയസ് അയ്യര്‍ ഉണ്ടെങ്കിലും ഈ മാസം 28 വരെ ടീമില്‍ മാറ്റം വരുത്താന്‍ ടീമുകള്‍ക്ക് ഐസിസി അനുമതി നല്‍കിയിട്ടുണ്ട്. ശ്രേയസ് അയ്യര്‍ മാറി നില്‍ക്കുകയാണെങ്കില്‍ തിലക് വര്‍മ, സഞ്ജു സാംസണ്‍ എന്നിവരെയാണ് ബിസിസിഐ ശ്രേയസിന് പകരക്കാരനായി പരിഗണിക്കുന്നത്.